ഫ യുടെ പരാതി , മറ്റു ചിലരുടേയും .
(ON PRONUNCIATION OF MALAYALAM SOUNDS)
CLICK HERE TO see the video by VINITHA O P
(മൊബൈലിൽ കാണുന്നവർ ലിങ്കിൽ 2 തവണ ക്ലിക്ക് ചെയ്യുക )
മലയാള സാഹിത്യ നഭസ്സിലേക്കു എന്നെ ആദ്യമായി ആനയിച്ച 'ഫ' എന്ന ശ്രേഷ്ടമായ അക്ഷരത്തിന്റെ പരാതി കേൾക്കാതിരിക്കാൻ എനിക്ക് കഴിയില്ല .
തനിക്ക് ഇഷ്ടപ്പെടാത്ത അപേക്ഷകളോ നിർദ്ദേശങ്ങളോ പരാതികളോ കേട്ടാൽ എന്റെ അച്ഛന്റെ അവസാന പ്രയോഗമായിരുന്നു "ഫ ". ഫാനിലെ FA അല്ല കേട്ടോ , നല്ല മലയാള തനിമയുള്ള ,ഉറച്ചതും ഘന ഗംഭീരവുമായ "ഫ" . അന്ന് , എന്റെ കുട്ടിക്കാലത്ത് ഓലപ്പുരയും മണ്ണിന്റെ മച്ചുമായിരുന്ന ഞങ്ങളുടെ വീട് ഈ ഓരോ "ഫ"യിലും ഒന്നു നടുങ്ങുകയും മച്ചിൽ നിന്നും മൺതരികൾ അടർന്നു വീഴുകയും ചെയ്യുമായിരുന്നു .പിന്നീട് കുറെ നേരത്തേക്ക് വീട്ടിൽ ഒരു വല്ലാത്ത നിശ്ശബ്ദതയായിരിക്കും .
ഞങ്ങൾ വളർന്നു തുടങ്ങുകയും അതോടൊപ്പം ഞങ്ങളുടെ ആവശ്യങ്ങൾ കൂടി വരികയും പട്ടാളത്തിൽ നിന്നും വിരമിച്ചതിനാൽ അച്ഛന്റെ "ഫ " പ്രയോഗങ്ങൾ കണ്ടമാനം കൂടുകയും ചെയ്തതിനാൽ മൂത്ത സന്തതി എന്ന നിലയിൽ ഞാൻ നടത്തിയ ഒരു അറ്റകൈ പ്രയോഗമാണ് "ഫ" എന്ന തലക്കെട്ടുള്ള ഒരു ലേഖനം ."ചിരിയോ ചിരി" എന്ന വാരികയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം എന്റെ ഒരു അഭ്യുദയ കാംക്ഷി അച്ഛന്റെ മുൻപിൽ ഹാജരാക്കിയ നേരം ഒരു നല്ല നേരം ആയതിനാൽ അച്ഛന്റെ പ്രതികരണം ഒരു ചിരിയിൽ ഒതുങ്ങുകയും ഞാൻ ഇന്നും ജീവനോടെ ഇരിക്കുകയും ചെയ്യുന്നു .
എന്റെ ആദ്യത്തേതും ഒരു പക്ഷേ അവസാനത്തേത് ആവുകയും ചെയ്യുമായിരുന്ന ആ കഥ യിൽ ഇന്ത്യൻ പട്ടാളക്കാരൻ "ഫ" എന്ന ശബ്ദം ഒറ്റ തവണയേ ഉപയോഗിച്ചുള്ളൂ .നല്ല ഉറപ്പുള്ള ഖരാക്ഷരം ആയിട്ടും വളരെ വളരെ ഉറക്കെയുമാ ണ് ആ അക്ഷരം ഉച്ചരിക്കേണ്ടത് . കാരണം അത് കേട്ടിട്ടു വേണം അച്ഛൻ ഉൾപ്പെടുന്ന ഇന്ത്യൻ സൈന്യത്തെ രാജ്യാതിർത്തിയിൽ അപ്രതീക്ഷിതമായി ആക്രമിക്കാൻ ഇരുട്ടിന്റെ മറ പിടിച്ചെത്തിയ പാകിസ്ഥാന്റെ ഒരു ബറ്റാലിയൻ ഒറ്റയടിക്ക് പിൻവാങ്ങാൻ .ശരിയായി ഉച്ചരിച്ചാൽ അത്രയ്ക്ക് ഫലം തരുന്ന അക്ഷരമാണ് "ഫ" .FAN ലെ ഫ അല്ല കേട്ടോ , സഫലത്തിലെ "ഫ" .
ഇതൊക്കെ ഇപ്പോൾ എഴുതാനിടയായത് "ഫ"യുടെ പരാതി അവതരി പ്പി ച്ചു കൊണ്ട് വിനിത ഒ പി ചെയ്ത ഒരു വീഡിയോ കണ്ടതാണ് .ഈ വീഡിയോ വളരെ പ്രസക്തമായ ഒരു പ്രശ്നമാണ് മുന്നോട്ടു വെക്കുന്നത് .വിശേഷിച്ചും ഭിന്നപഠന രീതികളുള്ള ( പഠന വൈകല്യം ,LEARNING DISABILITY) കുട്ടികൾക്ക് മാറിപ്പോകുന്ന അക്ഷരങ്ങളിൽ ഒന്നാണ് "ഫ "."ല", "ഫ "ആയോ "ഫ" "ല" ആയോ പ്രതിബിംബ ദോഷമായി(MIRROR IMAGING) എഴുതപ്പെടാറുണ്ട് .ഇതുപോലെ "വ" "ഖ "ആയും "ഥ" "ഫ" ,"ഫ" "ഖ" എന്നിവയും ലേഖനവായനാ പ്രശ്നങ്ങൾ (dyslexia )ഉള്ളവർക്ക് പൊതുവേ മാറി പോകുന്നുണ്ട് .അപ്പോൾ ഈ അക്ഷരങ്ങൾ ശരിയായി എഴുതാനും ശരിയായി ഉച്ചരിക്കാനും കുട്ടികളെ പരിശീലിപ്പിക്കണമെങ്കിൽ ആദ്യം നമ്മൾ അദ്ധ്യാപകർ മലയാള ഉച്ചാരണം ശരിയായി പഠിക്കേണ്ടതുണ്ട് .അതിനു സഹായിക്കുന്ന ഒരു പരിശ്രമമാണ് മുകളിൽ സൂചിപ്പിച്ച വിഡിയോ . അത് നിങ്ങൾ കണ്ട ശേഷം ഇനിയുള്ള ഭാഗം വായിക്കുന്നതാണ് നല്ലത് .
CLICK HERE TO LISTEN TO A CLASS ON PRONUNCIATION OF MALAYALAM SOUNDS
ശക്തിമാനും ശ്രേഷ്ടനു മായ "ഫ" എന്ന അക്ഷരത്തിനു മാത്രമല്ല പരാതി എന്ന് പറഞ്ഞു കൊണ്ടാണല്ലോ വീഡിയോ അവസാനിപ്പിക്കുന്നത് .മറ്റ് അക്ഷരങ്ങൾക്കുള്ള പരാതിയും പരിഗണിക്കേണ്ടതാണ് .പലപ്പോഴും ഭാഷ ബാഷയായി പോകാറുണ്ട് . ഇതൊക്കെ കണ്ട് നഗം കടിക്കുന്നവർ ആദ്യം സ്വന്തം മുകം നോക്കുന്നതാണ് നല്ലത് .ശ്രീ , സ്രീ ആയും ശ്രേഷ്‍ടം സ്രേഷ്ടം ആയും കേൾക്കുവാനിടയാകുന്നതും കഷ്ടമല്ലേ ?.ഒന്നോർത്തു നോക്കിയാൽ പക്ഷെ , ഭയങ്കരം ബയങ്കരമാവുന്നതാണ് ഭേദം .ഇത് പോലെ ശ്രദ്ധ അർഹിക്കുന്ന മറ്റ് അക്ഷരങ്ങൾ ഏതൊക്കെയാണ് ? നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുമല്ലോ.
- CKR 07 03 2021
*********************************************************************
പഠന വൈകല്യവും ഞാനും ഒരേ പ്രായക്കാർ (previous post)
CASE STUDY CHALLEGE (UPDATED EVERYDAY)
*********************************************************************
No comments:
Post a Comment