ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷം
ഇതൊരു കഥയല്ല. മിനിഞ്ഞാന്ന് എന്റെ ഓഫീസായ മക്കരപ്പറമ്പ് വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന ഒരു ചെറിയ സംഭവം.... ഉള്ളു പൊള്ളിപ്പോയതുകൊണ്ട് എഴുതുന്നു.
തിങ്കളാഴ്ച നടക്കുന്ന മാസാന്ത്യ കോൺഫറൻസിനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഞാൻ..
പുറത്തൊരു കാർ വന്നു നിന്നു. മാന്യമായി വേഷം ധരിച്ച ഒരാൾ ഇറങ്ങി വന്നു. ഏകദേശം 50 വയസ്സ് തോന്നിക്കും.
കയ്യിലൊരു ചെറിയ ഫയലും.
കണ്ടപ്പോഴേ മനസ്സിലായി. അറ്റസ്റ്റ് ചെയ്യിക്കാനുള്ള വരവാണ്.
മര്യാദയോടെ അനുവാദം ചോദിച്ച് മുറിയിൽ കയറി മുമ്പിലെ കസേരയിൽ ഇരുന്നു.
ആമുഖമായി പറഞ്ഞു,
"ഇന്ന് അവധി ആയതു കൊണ്ട് ഡോക്ടർ ഉണ്ടാവുമോ എന്ന് സംശയിച്ചു"
തിരക്കിനിടയിൽ കയറി വന്നതിലുള്ള നീരസം ഉണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു,
"എന്താ കാര്യം?"
അദ്ദേഹം പറഞ്ഞു,
"ഡോക്ടർ, രണ്ടു സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനുണ്ടായിരുന്നു''
ഒറിജിനലും കോപ്പിയും എടുക്കാൻ പറഞ്ഞു.
സർട്ടിഫിക്കറ്റ് ഫയലിൽ നിന്ന് എടുത്തു തരുമ്പോൾ അദ്ദേഹം പറഞ്ഞു,
"എന്റെ മക്കളുടെ Death certificate ആണ് "
മക്കളുടെ......!!!
മക്കൾക്ക് എന്തു പറ്റി? ചോദിക്കാനൊരു മടി...
സർട്ടിഫിക്കറ്റ് നോക്കി. രണ്ട് ആൺകുട്ടികളുടെ മരണ സർട്ടിഫിക്കറ്റ് ആണ്. രണ്ടു പേരുടേയും ജനന തീയ്യതി ഒന്നു തന്നെ. 2001-ൽ. പക്ഷേ മരിച്ച തിയ്യതികളിൽ വ്യത്യാസമുണ്ട്. ഒരാൾ 2013-ൽ.. മറ്റേയാൾ 2015_ലും.
വെറും രണ്ടു മാസം മുമ്പ്....
അപ്പോഴും ഒന്നും ചോദിക്കാൻ തോന്നിയില്ല. രണ്ടു മക്കളെ നഷ്ടപ്പെട്ട ഒരു അച്ഛനാണ് മുമ്പിലിരിക്കുന്നത്. ആ മരണങ്ങളെക്കുറിച്ചുള്ള ഓർമ്മ പോലും അദ്ദേഹത്തിന് താങ്ങാൻ കഴിഞ്ഞെന്നു വരില്ല...
അതിനിടയിൽ ചോദിക്കാതെ തന്നെ ചിലത് പറഞ്ഞു. എന്റെ ഓഫീസിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെ വടക്കാങ്ങരയിലാണ് വീട്.
പേര് രാമചന്ദ്രൻ..
പറഞ്ഞു വന്നപ്പോൾ എന്റെ പിതാവിനെ അറിയാം. എന്റെ Grandfather കക്ഷിയെ പണ്ട് മങ്കട എൽ പി സ്കൂളിൽ പഠിപ്പിച്ചിട്ടുമുണ്ട്...
പിന്നീടുള്ള സംഭാഷണത്തിൽ ആ പരിചയം കൊണ്ടുള്ള അടുപ്പം തോന്നിയതുകൊണ്ടാവാം, സ്വന്തം കഥ ചുരുക്കി പറഞ്ഞു.
കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിൽ (ഇന്നത്തെ NIT) നിന്ന് മികച്ച നിലയിൽ എഞ്ചിനീയറിങ്ങ് പാസ്സായി. കുറച്ചു കാലം കേരളത്തിൽ ജോലി ചെയ്തു. പിന്നെ അബുദാബിയിൽ ഓയിൽ കമ്പനിയിൽ നല്ല ഒരു ജോലി കിട്ടി. കല്യാണം കഴിഞ്ഞു. ഭാര്യ ഗൾഫിൽ ഒരു ഇന്ത്യൻ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു.
ആദ്യം ഒരു മോളുണ്ടായി. മോള് സ്കൂളിൽ പോയിത്തുടങ്ങിയതിനു ശേഷമാണ് പിന്നീട് മക്കളുണ്ടാവുന്നത്. ആറു വർഷത്തിന് ശേഷം...
അത് ഇരട്ടകളായിരുന്നു.
2 ആൺകുട്ടികൾ...
പക്ഷേ, ജന്മനാ രണ്ടു പേരും മാനസിക വളർച്ചയില്ലാത്തവരായിരുന്നു.
ഏകദേശം പൂജ്യം എന്നു തന്നെ പറയാം.
ഒരാൾക്ക് എഴുന്നേറ്റ് നടക്കാനൊക്കെ കഴിയും. മറ്റേയാൾക്ക് അതു പോലും പറ്റില്ല. ബെഡിൽ ഒന്നു തിരിഞ്ഞു കിടക്കണമെങ്കിൽ പോലും പരസഹായം വേണം.
രണ്ടു പേർക്കും സംസാരിക്കാനും കഴിയില്ല. ചില പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കുമെന്ന് മാത്രം...
മക്കളെ നോക്കാനായി രണ്ടു പേരും ഗൾഫിലെ ജോലി ഉപേക്ഷിച്ചു. നാട്ടിൽ കുറച്ചു കൃഷിയുണ്ട്. പിന്നെ കെട്ടിടങ്ങളുടെ വാടക...
അതു മതിയെന്ന് വെച്ചു...
മകളെ നാട്ടിലെ സ്കൂളിൽ ചേർത്തു.
മക്കളുടെ കൂടെ അവരുടെ അടുത്ത് നിന്ന് മാറാതെ ആ അച്ഛനും അമ്മയും ശുശ്രൂഷിച്ചു.
എന്നിട്ടും പതിമൂന്നാം വയസ്സിൽ ഒരു മകൻ യാത്രയായി..
രണ്ടു വർഷത്തിനു ശേഷം കിടപ്പിലായിരുന്ന മകനും പോയി.
എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല.
സർട്ടിഫിക്കറ്റ് ഒപ്പിട്ട് തിരിച്ചു കൊടുത്തു..
അത് തിരിച്ച് ഫയലിനുള്ളിൽ വെക്കുന്ന നേരത്ത് അയാൾ എന്നോട് ചോദിച്ചു,
" ഡോക്ടർക്കറിയോ, ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷം ഏതാണെന്ന്?"
ഞാൻ ഇല്ലെന്ന് തലയാട്ടി...
" ഞാൻ എഞ്ചിനീയറിങ്ങ് മികച്ച നിലയിൽ പാസായപ്പോഴോ നല്ല ജോലി കിട്ടിയപ്പോഴോ എനിക്കൊരു മോളുണ്ടായപ്പോഴോ അല്ല"
പിന്നെ...??
ഞാൻ ചോദ്യഭാവത്തിൽ നോക്കി...
" എന്റെ Bed-ridden ആയ മോൻ ഉണ്ടാക്കുന്ന ഒരു പ്രത്യേക ശബ്ദം എന്തിനു വേണ്ടിയായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞത് അവന് 10 വയസ്സ് പ്രായമായപ്പോഴാണ്. അത് അവന് മൂത്രമൊഴിക്കാൻ വേണ്ടിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമാണ് ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്"
എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല...
ഒന്നു നിർത്തിയിട്ട് അദ്ദേഹം തുടർന്നു.
"എനിക്കൊരു സങ്കടവുമില്ല ഡോക്ടറേ. ദൈവം ലോകത്ത് ഏറ്റവും ക്ഷമയും സ്നേഹവുമുള്ള മാതാപിതാക്കൾക്കാണ് ഇത്തരം കുഞ്ഞുങ്ങളെ നൽകുന്നത്.
എന്നാലും എന്റെ പൊന്നുമക്കളെ ഇത്രയും കാലം വളർത്താൻ ദൈവം ഞങ്ങളെയാണല്ലോ തെരഞ്ഞെടുത്തത്. എനിയ്ക്കതു മതി"
ആ മനുഷ്യൻ എന്റെ മനസ്സിൽ ആകാശത്തോളം വലുതായി.
ഞാൻ കടുകുമണിയോളം ചെറുതായി.
ഒരു കുഴപ്പവുമില്ലാത്ത രണ്ടു മക്കളെ കിട്ടിയിട്ടും മക്കൾക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ ദേഷ്യപ്പെടുന്ന, ടെൻഷനടിക്കുന്ന ഞാനെവിടെ....
മകന്റെ ഒരു ചെറു ശബ്ദം തിരിച്ചറിഞ്ഞതിൽ സന്തോഷവും ജീവിത സാഫല്യവും കണ്ടെത്തിയ ഈ മനുഷ്യനെവിടെ...
മക്കളുടെ ചെറിയ ചെറിയ കുറവുകളിൽ എല്ലാം നഷ്ടപ്പെട്ടെന്ന് വിലപിക്കുന്ന മാതാപിതാക്കളെവിടെ....
എല്ലാ കുറവുകളുമുള്ള മക്കളായിട്ടും അവരെ എല്ലാം തികഞ്ഞവരായി കണ്ട് ശുശ്രൂഷിച്ച ഇവരെവിടെ......
മനസ്സു കൊണ്ടു ഞാൻ നമസ്കരിച്ചു...
ഇനി എത്ര കടലുകൾ നീന്തിയാലാണ് എന്റെ മനസ്സും ഇതുപോലൊരു ശാന്തിതീരത്തെത്തുക.....
പോകാൻ നേരത്ത് പെട്ടെന്ന് തിരിഞ്ഞു നിന്ന് അദ്ദേഹം ചോദിച്ചു,
"അയ്യോ, സോറി ഡോക്ടർ, ഫീസ് എത്രയാണ്?"
ഞാൻ ഒന്നും വേണ്ടെന്ന് കൈ കൊണ്ട് കാണിച്ചു..
അല്ലെങ്കിലും വലിയൊരു ജീവിതസത്യം സ്വന്തം ജീവിതം കൊണ്ടെന്നെ പഠിപ്പിച്ച ഈ മനുഷ്യന് ഞാൻ എത്ര ഫീസ് കൊടുത്താലാണ് മതിയാവുക.....
മുഖത്ത് സങ്കടത്തിന്റെ ലാഞ്ചന പോലുമില്ലാതെ നടന്നു പോകുന്ന ആ മനുഷ്യനെ നോക്കി നിന്നപ്പോൾ കാഴ്ച മങ്ങുന്നതു പോലെ തോന്നി......
കണ്ണുകൾ നിറഞ്ഞിരിക്കുകയാണെന്ന് അപ്പോഴാണ് മനസ്സിലായത്..
.-COLLECTED BY DOCTOR VIJAYAKUMAR,THRISSUR
No comments:
Post a Comment