CMLD പരീക്ഷാനുഭവങ്ങൾ
പൊതുവേ വളരേ നല്ല പിന്തുണയാണ് SRC റ്റീമും തളിപ്പറമ്പ് സെന്ററിലെ അദ്ധ്യാപക കൂട്ടായ്മയും നൽകിയത് .2020 മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റിവെച്ചതാണ് .കോവിഡ് നിയന്ത്രണങ്ങൾ അനിശ്ചിതമായി നീണ്ടു പോയപ്പോൾ 2020 നവംബറിൽ ഓൺലൈൻ മോഡിലേക്ക് പരീക്ഷകൾ മാറ്റാനും 2021 ജനുവരിയിൽ വൈവയും നടത്തി 2021 ഫിബ്രവരി അവസാനം കൊണ്ട് റിസൽറ്റ് പ്രഖ്യാ പിക്കാനും SR C ക്കു കഴിഞ്ഞത് വലിയ നേട്ടം തന്നെ .
എങ്കിലും കോവിഡ് കാലഘട്ടം ഉയർത്തിയ അനിശ്ചിതാവസ്ഥ വരുത്തിയ ചില പ്രശ്നങ്ങൾ കോഴ്‌സിനേയും പരീക്ഷാ തയ്യാറെടുപ്പിനെയും ബാധിച്ചു എന്നത് എഴുതാതെ വയ്യ .
പുതിയ മാതൃകയിൽ മാറിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പിനു ആവശ്യമായ സമയം ലഭിച്ചില്ല.
പരീക്ഷയുടെ പൂർണ മാതൃകകൾ എല്ലാ പേപ്പറിനും ലഭിച്ചില്ല.
പരീക്ഷയുടെ രീതിയിൽ OBJECTIVE TYPE MULTIPLE CHOICE ലേക്ക് മാറ്റം പ്രഖ്യാപിച്ച ശേഷം വീണ്ടും ഒരു വിശദമായ വായനക്ക് ആവശ്യമായ സമയം ലഭിച്ചില്ല .ഒബ്ജക്റ്റീവ് പരീക്ഷയുടെ പൂർണ മാതൃകകൾ എല്ലാ പേപ്പറിനും ലഭിച്ചില്ല .ലഘുവായ മാതൃകകൾ ലഭിച്ചതിനു ശേഷം 3 ദിവസത്തിനുള്ളിൽ പരീക്ഷയും വന്നു .പരീ ക്ഷക്കുള്ള ചോദ്യങ്ങൾ പലതും ആഴത്തിലുള്ളതും ആശയക്കുഴപ്പം ഉളവാക്കുന്നതുമായിരുന്നു .ആ നിലവാരത്തിൽ തയ്യാറെടുക്കാൻ സമയമില്ലാതിരുന്നത് സ്കോറിനെ ബാധിച്ചിട്ടുണ്ട് .
പരീക്ഷക്ക് വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇനിയെങ്കിലും പരസ്യപ്പെടുത്തേണ്ടതാണ്
പരീക്ഷക്ക് വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വൈവ ക്കു മുൻപേ പുറത്തു വിടണമായിരുന്നു .പല ചോ ദ്യങ്ങളുടെയും ശരി ഉത്തരങ്ങൾ ഇപ്പോഴും ( റിസൽറ്റ് പ്രഖ്യാപിച്ചിട്ടും)അറിയാത്ത അവസ്ഥ ഉണ്ട് . ഉദാഹരണമായി നാലു പേപ്പറുകളിലായി എന്റെ സ്‌കോർ 52 ,49 ,49 ,51 എന്നിങ്ങനെയാണ് .ഞാൻ പ്രതീക്ഷിച്ചത് 57 ,51,51,55 എന്നീ സ്കോറുകളാണ് .അതായതു ആകെ 39 ചോദ്യങ്ങളുടെ ശരി ഉത്തരം എനിക്ക് അറിയാതെ ഉണ്ട് .14 ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ കാര്യത്തിൽ ആശയ കുഴപ്പം ഉറപ്പായും ഉണ്ട് . ഒരു കോഴ്സ് പൂർണമായതിനു ശേഷവും ഇങ്ങനെ അവ്യക്തത ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കപ്പെടണമായിരുന്നു .ഞാൻ മനസ്സിലാക്കിയതനുസരിച്ചു 53 ആണ് ഏതെങ്കിലും ഒരു വിഷയത്തിൽ ഒരാൾ നേടിയ പരമാവധി സ്‌കോർ .അത് വെച്ച് നോക്കിയാലും 28 ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഈ കോഴ്സ് ചെയ്ത ഒരാൾക്ക് പോലും പരീക്ഷ കഴിഞ്ഞു റിസൾട് പ്രഖ്യാപിച്ചിട്ടും അറിയാൻ പറ്റാത്ത അവസ്ഥയാണ് .പരീക്ഷക്ക് വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇനിയെങ്കിലും പരസ്യപ്പെടുത്തേണ്ടതാണ് .ആ ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചു കാരണം ബോധ്യപ്പെടുമ്പോഴാണ് ഈ കോഴ്സ് പൂർണമാകുന്നതു .പരീക്ഷയും ഒരു പഠനപ്രവർത്തന മായി മാറുന്നത് അപ്പോഴാണ് .
********************************************************************
പുതിയ മാതൃകയിലുള്ള പരീക്ഷയെ ഞാൻ / ഞങ്ങൾ നേരിട്ടവിധം .
LEARNING THROUGH SOCIAL MEDIA
ബ്ലോഗിങ്ങ് , WHATS APP , ഓഡിയോ , വീഡിയോ ,ACRONYMS , ഗാനങ്ങൾ ഇവയെല്ലാം പ്രയോജനപ്പെടുത്തിയാണ് ഞങ്ങൾ പരീക്ഷ തരണം ചെയ്തത് .
ഓരോ അധ്യായത്തിന്റെയും ചോദ്യ മാതൃകകൾ സ്വയം ഉണ്ടാക്കി ഓരോ ദിവസവും ബ്ലോഗിൽ അപ്‌ലോഡ് ചെയ്തു പരസ്പരം പങ്കു വെച്ചു .ഉത്തരങ്ങളായി എത്ര എണ്ണം വേണം എന്ന് ഉറപ്പില്ലാത്തതിനാൽ 4 / 5 ചോയ്‌സുകൾ ഉള്ള ഉത്തരങ്ങളാണ് കൊടുത്തത് .ഇതിനു കൂടുതൽ ശ്രദ്ധയും സമയവും വേണ്ടി വന്നു. പിന്നീട് പരീക്ഷക്ക് ഒരാഴ്ച മുൻപേ ആദ്യത്തെ മാതൃക കിട്ടിയപ്പോൾ 3 ചോയ്സുകൾ മാത്രമേ കണ്ടുള്ളൂ .അതിനു ശേഷം നിർമിച്ചവയിൽ 3 ചോയ്‌സുകൾ ഉള്ള ഉത്തരങ്ങളാണ് കൊടുത്തത് .
ആകെ 18 +6 = 24ദിവസം ഉള്ളത് 4 പേപ്പറുകൾക്കു ഓരോന്നിനും 4 +2 ദിവസം വീതം ( 4 ദിവസം ചോദ്യ പേപ്പർ തയ്യാറാക്കൽ ,അപ്‌ലോഡ് ചെയ്യൽ , ഉത്തരങ്ങൾ പരിശോധിക്കൽ ,.2 ദിവസം റിവിഷൻ )എന്നിങ്ങനെ കലണ്ടർ ക്രമീകരിച്ചു .
Paper 1 ന്റെ ചോദ്യ പേപ്പറുകൾ ആദ്യ 2 ദിവസം ,paper 2 ന്റെ ചോദ്യ പേപ്പറുകൾ തൊട്ടടുത്ത 2 ദിവസം ,എന്നിങ്ങനെ ...8 ദിവസം കൊണ്ട് 4 പേപ്പറുകൾക്കായി ഒരു റൌണ്ട് question പേപ്പർ തയ്യാറാക്കലും പഠിത്തവും .പിന്നീട് രണ്ടാമത്തെ റൗണ്ട് വീണ്ടും 4 പേപ്പറുകൾക്കായി question പേപ്പർ തയ്യാറാക്കലും പഠിത്തവും . എന്നതായിരുന്നു പ്ലാൻ .
ഒരു ദിവസത്തെ പ്ലാൻ
രാവിലത്തെ 4 മണിക്കൂർ ഒരു പേപ്പർ ഒന്നാം അദ്ധ്യായം വായന , പ്രധാന ഭാഗങ്ങൾ , സാധ്യതയുള്ള ചോദ്യങ്ങൾ കോഡ് രൂപത്തിൽ എഴുതൽ , ഉത്തരങ്ങളുള്ള ഭാഗം അടയാളപ്പെടുത്തൽ, question and answer typing,ബ്ലോഗിൽ അപ്‌ലോഡ് ചെയ്യൽ , ബ്ലോഗ് പോസ്റ്റിലേക്കുള്ള ലിങ്ക് വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യൽ .
ഉച്ചക്കു ശേഷം 4 മണിക്കൂർ ഒരു പേപ്പർ അടുത്ത അദ്ധ്യായം വായന , പ്രധാന ഭാഗങ്ങൾ , സാധ്യതയുള്ള ചോദ്യങ്ങൾ കോഡ് രൂപത്തിൽ എഴുതൽ , ഉത്തരങ്ങളുള്ള ഭാഗം അടയാളപ്പെടുത്തൽ, question and answer typing, ബ്ലോഗിൽ അപ്‌ലോഡ് ചെയ്യൽ , ബ്ലോഗ് പോസ്റ്റിലേക്കുള്ള ലിങ്ക് വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യൽ
രാത്രി 2-3 മണിക്കൂർ അതാത് ദിവസം തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതി ഉത്തരങ്ങൾ താരതമ്യം ചെയ്യുക . ഉത്തരങ്ങൾ തെറ്റിയവ യുടെ ശരി ഉത്തരം കണ്ടെത്തി അതിന്റെ കാരണം / വിശദീകരണം മനസ്സിലാക്കാൻ ടെക്സ്റ്റ് വീണ്ടും വായിക്കൽ , CMLD visit ഗ്രൂപ്പിൽ സംശയങ്ങൾ പങ്കുവെക്കൽ ഇങ്ങനെ 10 -14 മണിക്കൂർ ഓരോ ദിവസവും പഠിക്കാനായി മാറ്റി വെക്കാൻ കഴിഞ്ഞു .
അതായതു 240 മണിക്കൂർ ഈ പരിശീലനത്തിനു ഉപയോഗിച്ചു ആണ് എനിക്ക് തിയറിയിൽ ഇത്രയൊക്കെ സ്‌കോർ ചെയ്യാൻ കഴിഞ്ഞത് .
അപ്പോൾ ഒരു കാര്യം വ്യക്തമാണ് . ശരാശരി ദിവസം 3 മണിക്കൂർ പരീക്ഷ പരിശീലനത്തിന് മാറ്റിവെക്കാൻ കഴിയുന്ന ഒരാൾക്ക് 80 ദിവസമെങ്കിലും എല്ലാ പേപ്പറുകളും തയ്യാറാകാൻ വേണം .ഇവിടെയാണ് SRC പരീക്ഷാർത്ഥികളോട് കാണിച്ച വലിയ അശ്രദ്ധ വെളിച്ചത്തുവരുന്നത് . OBJECTIVE TYPE ആയി മാതൃക മാറ്റിയതിനു ശേഷം ഒരു മാതൃകാ പേപ്പർ പോലും പ്രസിദ്ധീകരിക്കാതെ വെറും 20 ദിവസമാണു 4 പേപ്പറുകളുടെ തയ്യാറെടുപ്പിന് ലഭിച്ചത് . ഒരു മാതൃക പേപ്പർ കണ്ടതിനു ശേഷം 2 പേപ്പറുകൾക്ക് ആകെ ഒരാഴ്ചയും .ഓരോ പേപ്പറിനും ചുരുങ്ങിയത് 14-20 ദിവസമെങ്കിലും ലഭിക്കേണ്ടയിടത്താണ് ശരാശരി 4 -5 ദിവസം കിട്ടിയത് . ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറെടുത്തിട്ടും 600 ൽ 500 നടുത്തു മാർക്ക് സ്‌കോർ ചെയ്തവർ തീർച്ചയായും അ ഭിനന്ദനം അർഹിക്കുന്നു .
സമയക്കുറവിൽ പരാതിപ്പെട്ടപ്പോൾ 4 പരീക്ഷകൾ തൊട്ടടുത്ത 2 ദിവസം കൊണ്ട് തീർക്കുന്നതിന് പകരം "അവസാനത്തെ 2 പരീക്ഷകൾക്കു ഒരാഴ്ചത്തെ ഇടവേള തന്നില്ലേ ?" എന്നും "കഴിഞ്ഞ മാർച്ച് തൊട്ടു വിശദമായി വായിക്കാമായിരുന്നില്ലേ "എന്നും കളിയാക്കുന്ന സ്വരത്തിലാണ് പ്രതികരണമുണ്ടായത് .പുതിയ തീയതികൾ പ്രഖ്യാപിക്കാതെ പരീക്ഷ മാറ്റി വെച്ചതിനുശേഷം കോവിഡ് കാലഘട്ടത്തിൽ ആർക്കാണ് പുസ്തകം വായിക്കാൻ കഴിഞ്ഞത് ? ഇനി അഥവാ തയ്യാറെടുത്തവർ തന്നെ തന്നിട്ടുള്ള ചോദ്യബാങ്കിന്റെ അടിസ്ഥാനത്തിൽ വിവരണാല്മക ചോദ്യങ്ങളുടെ ഉത്തരം പഠിച്ചു വെക്കുകയായിരുന്നു..
മാത്രമല്ല , "ചോയ്‌സ് കുറവായതു കൊണ്ട് കറക്കി കുത്തിയാലും 24 മാർക് വാങ്ങി പാസാകാം ", "വലിയ ചോദ്യങ്ങൾ അതിന്റെ വലിയ ഉത്തരങ്ങൾ അതിനെ വിഭജിച്ചാണ് objective type ചോദ്യങ്ങൾ ഉണ്ടാക്കുന്നത്."എന്നിങ്ങനെയുള്ള വിചിത്രമായ ചില വിശദീകരണങ്ങളും കിട്ടി .
എന്നാൽ പരീക്ഷക്ക് വന്ന പല ചോദ്യങ്ങളും പ്രയാസമുള്ളതും നന്നായി വായിച്ചാൽ മാത്രം ഉത്തരം കിട്ടുന്ന വിധത്തിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതും സൈക്കോളജിയിൽ നല്ല അറിവുള്ളവർക്കു മാത്രം ഉത്തരം പറയാൻ കഴിയുന്നതുമായിരുന്നു . നല്ലോരു തയ്യാറെടുപ്പിനുള്ള സമയം തന്നിരുന്നുവെങ്കിൽ കുറേക്കൂടി നന്നായി പരീക്ഷ എഴുതാമായിരുന്നു . ചോദ്യങ്ങളിൽ ചിലതു ഇംഗ്ലീഷിലും മലയാളത്തിലും വ്യത്യസ്ത അർത്ഥം തോന്നിപ്പിക്കുന്നവയായിരുന്നു .ചിലതിന്റെ മലയാള തർജ്ജമ ഇംഗ്ലീഷിൽ ഉള്ളതിനേക്കാൾ കടുകട്ടി ആയിരുന്നു . തിരക്കിട്ടു തയ്യാറാക്കിയത് കൊണ്ടാണ് ഈ തകരാറുകൾ .ഓരോ വിഷയത്തിലും മാതൃക ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചശേഷം വേണമായിരുന്നു പരീക്ഷ നടത്തുവാൻ ..ഓരോ പരീക്ഷയും ഒരു പഠന പ്രവർത്തനം കൂടിയാണ് എന്ന ഗൗരവത്തിലല്ല കാര്യങ്ങൾ നീങ്ങുന്നത് . പരീക്ഷ കഴിഞ്ഞു റിസൾട്ട് പ്രഖ്യാപിച്ചിട്ടും ചോദ്യങ്ങളും അവയുടെ ശരി ഉത്തരങ്ങളും ഇതേവരെ പ്രസിദ്ധീകരിച്ചുകാണുന്നില്ല .
അവസാനത്തെ 2 പേപ്പറുകളുടെ പരീക്ഷ നടക്കുന്നതിനു 2 ദിവസം മുൻപ് മോഡ്യൂളിലെ ചില ഭാഗങ്ങൾ മാത്രം വായിച്ചാൽ മതി എന്ന സൂചന നൽകികൊണ്ട് വാട്സാപ്പിൽ വന്ന അറിയിപ്പും രസകരമായി തോന്നി . കാരണം ആ കുറിപ്പിലെ ഓരോ ഐറ്റവും പ്രത്യേകം പ്രത്യേകം ഏതൊക്കെ യൂണിറ്റിൽ നിന്നാണ് എന്ന് നോക്കിയപ്പോഴാണ് എല്ലാ യൂണിറ്റിലെയും എല്ലാ ഭാഗങ്ങളും ആ കുറിപ്പിൽ ഉണ്ടെന്നു മനസ്സിലായത് !
ഇതൊക്കെ മാറ്റി നിറുത്തിയാൽ ഈ കോവിഡു കാലത്തും പരിമിതികൾക്കിടയിൽ പരീക്ഷകളും വൈവയും നടത്തി റിസൾട് പ്രസിദ്ധീകരിക്കാൻ SRC കാണിച്ച അർപ്പണമനോഭാവത്തിനും പരീക്ഷ നടത്തിപ്പിൽ കാണിച്ച അനുതാപ പൂർണമായ സമീപനങ്ങൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു . കാലഘട്ടത്തിനു യോജിച്ച വിധത്തിൽ പരീക്ഷകൾ ഓൺലൈൻ മോഡിലേക്ക് മാറ്റുകയും വീട്ടിലിരുന്നു പോലും പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയതും സാങ്കേതിക പ്രശ്നങ്ങൾക്ക് അപ്പപ്പോൾ കൃത്യമായ ഫോള്ലോ അപ്പ് ഉണ്ടാവുകയും ചെയ്തത് പ്രത്യേക അനുമോദനം അർഹിക്കുന്നു .
ഏതായാലും പരീക്ഷ ചോദ്യങ്ങൾ ഒബ്ജക്റ്റീവ് ടൈപ്പ് ആക്കിയത് വളരെ നന്നായി എന്നാണ് എന്റെ അഭിപ്രായം .ടെക് സ്റ്റുകൾ ആഴത്തിൽ വായിക്കാൻ തുടങ്ങിയത് അതിന് ശേഷമാണ് . ഓർമ്മ ശക്തിയേക്കാളുപരി തിരിച്ചറിവും വിശകലന പാടവവും വർദ്ധിപ്പിക്കുന്നതിനു ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉപകരിക്കുന്നു .മോഡ്യൂളിലും ഇത്തരം മാതൃകാ ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും പരിശീലന സെഷനുകളിൽ ഇവക്ക് ഉത്തരം കാണുന്ന വിധത്തിൽ 10 മിനിട്ടു വീതമുള്ള അസൈന്മെന്റുകൾ നൽകുകയും വേണം .
കൂടാതെ എല്ലാ മൊഡ്യൂളുകളിലെയും പ്രധാന ഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു വിവരണാ ത്മക (DESCRIPTIVE TYPE) ചോദ്യപേപ്പറും ഉണ്ടാകണം . പഠിച്ച അറിവുകളെ സമഗ്രമായി ഉപയോഗപ്പെടുത്തി വിശദമായി പ്രശ്നങ്ങൾ അപഗ്രഥിച്ചു ആശയ വിനിമയം നടത്താനുള്ള കഴിവുണ്ടാകാനും ആ കഴിവ് പരി ശോധിക്കപ്പെടാനും വിവരണാ ത്മക (DESCRIPTIVE TYPE) പരീക്ഷ നല്ലതാണ് .ഈ പരീക്ഷക്ക് വേണ്ടി ഊന്നൽ കൊടുത്ത പ്രധാന ഭാഗങ്ങളെ അടിസ്ഥാനമാക്കിയാകണം വൈവയിലെ ചോദ്യങ്ങൾ നൽകേണ്ടതും .
വൈവ അനുഭവങ്ങൾ
വൈവ വലിയ തയ്യാറെടുപ്പ് വേണ്ടെന്നും L D യുടെ നിർവചന ങ്ങളും രണ്ട് റെക്കോഡുകളുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളേ ഉണ്ടാവുകയുള്ളൂ എന്നുമാണ് ആദ്യ സൂചനകൾ കിട്ടിയത് . അതുകൊണ്ട് വൈവയുടെ ഡേറ്റ് വരുന്നതുവരെ കാര്യമായി ഒന്നും ചെയ്തില്ല .വൈവ തീയതി വന്നപ്പോൾ അതിന്റെ കൂടെ നിർദ്ദേശങ്ങളും വരാൻ തുടങ്ങി . എല്ലാ മോഡ്യൂളും വായിക്കണം . ചോദ്യം എവിടെ നിന്നും വരാം . ഓൺലൈൻ ആയിരിക്കും .5 മിനുട്ടു നേരം ഉണ്ടാകും . പണി കിട്ടിയെന്നു സാരം . എല്ലാ മോഡ്യൂളും വായിക്കാനൊന്നും ഇനി നേരമില്ല . ബ്ലോഗിൽ നേരത്തെ സ്വന്തമായി ചെയ്തുവെച്ച ചോദ്യ പേപ്പറുകൾ വർക്ക് ഔട്ട് ചെയ്തു തുടങ്ങി .L D യുടെ നിർവചനങ്ങൾ പാടി പഠിക്കാനും തുടങ്ങി . SRC ഓൺലൈൻ പരീക്ഷാ ചോദ്യങ്ങൾ പരീക്ഷാക്കാലത്തു print screen ചെയ്തു വെച്ച നിരവധി ഇമേജുകൾ ഉപയോ ഗിച്ചു 60 ചോദ്യങ്ങളും പുനർ നിർമ്മിച്ചു .അവയുടെ ഉത്തരങ്ങൾ കണ്ടെത്തി ഉറപ്പിക്കുന്നതിനു മൊഡ്യൂളുകൾ മറിച്ചു നോക്കാനും വായിക്കാനും തുടങ്ങി . അപ്പോൾ പ്രായോഗികതക്ക് പ്രാധാന്യമുള്ളവ പ്രത്യേകം അടയാളപ്പെടുത്തി വൈവക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങൾ എന്ന് ഗ്രൂപ്പ് ചെയ്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുകയും whatapp ഗ്രൂപ്പിൽ എല്ലാ സഹപ്രവർത്തകർക്കും ഓരോ ദിവസവും ഷെയർ ചെയ്യുകയും തുടങ്ങി .ലെമിസ് , ബിന്ദു ,തുടങ്ങിയവർ അവർക്കു പ്രധാനമെന്ന് തോന്നിയ ചോദ്യങ്ങൾ ഇങ്ങോട്ടും അയച്ചു തന്നു . അതും ഷെയർ ചെയ്തു പോന്നു .അതിനിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട മേഖലകൾ ഏതൊക്കെ എന്ന് രാമചന്ദ്രൻ മാസ്റ്ററും ഓഡിയോയിലൂടെ വിവരിച്ചു തന്നത് ഉപകാരമായി .
വൈവ തുടങ്ങിയപ്പോൾ ഓരോ ദിവസവും ഏതൊക്കെ ചോദ്യങ്ങളാണ് ഒരോരുത്തർക്കും കിട്ടിയതെന്ന് whatsapp വഴി അപ്പോഴപ്പോൾ ഷെയർ ചെയ്യാനും ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു ബ്ളോഗിൽ ലിങ്ക് ചെയ്യാനും പുസ്തകം നോക്കി ഉത്തരം കണ്ടുവെക്കാനും ഓഡിയോ ആക്കി കേട്ട് പഠിക്കാനും തുടങ്ങി .RPwD Act പ്രകാരമുള്ള 21 disorders ഏതൊക്കെ എന്നും ഒരാളോട് ചോദിച്ചു എന്ന് കേട്ടപ്പോൾ അവ ഓർമിക്കാനായി ഉണ്ടാക്കിയ ഒരു പ്രാകൃത ഗാനം ബ്ളോഗിൽ പരതിക്കണ്ട് പിടിച്ചു ഡൌൺലോഡ് ചെയ്തു അത് പോലെ വീണ്ടും പാടി പഠിച്ചു മനഃപാഠമാക്കി ദിവസവും പേപ്പറിൽ എഴുതി നോക്കി .( ബ്ലൈൻഡ് ലോവി ലെപ്ര ഹിയറിങ് ......).
വൈവയുടെ ഞാൻ ഉൾപ്പെടുന്ന ദിവസം വന്നപ്പോൾ നല്ല പരിഭ്രമവും തോന്നിത്തുടങ്ങിയത് കൊണ്ട് അന്ന് ഒന്നും പഠിക്കാനേ പറ്റിയില്ല . അതുവരെ പഠിച്ചത് ഓർത്തു നോക്കാൻ പോലും ധൈ ര്യമില്ല . ഉച്ചക്ക് ശേഷമാണ് എന്റെ ഊഴം . രാവിലെ വൈവ കഴിഞ്ഞവരെല്ലാം അവരവർക്ക് കിട്ടിയ ചോദ്യങ്ങൾ അയച്ചു തുടങ്ങി .പല ചോദ്യങ്ങളും കുഴപ്പമില്ല .കിട്ടിയാൽ ഒരു കൈ നോക്കാം എന്ന് വിചാരിക്കുമ്പഴാണ് പുതിയൊരു ചോദ്യം . സ്റ്റേഷൻ ടീച്ചിങ് എന്ന് പറഞ്ഞാൽ എങ്ങനെയാണെന്നും ചോ ദിച്ചത്രേ . അതോടെ എന്റെ സ്റ്റേഷൻ പോയ പോലെ ആയി . പിന്നെ ചോദ്യങ്ങൾ നോക്കാനോ ഉത്തരം ആലോചിക്കാനോ പോയില്ല . വരുമ്പോലെ വരട്ടെ .
പക്ഷെ വൈവ വളരെ സൗഹാർദ്ദപരമായിരുന്നു . പ്രാക്ടിക്കൽ റെക്കോഡുകളെ അഭിനന്ദിച്ചും അറിയാവുന്ന മേഖലകൾ കേന്ദ്രീകരിച്ചും ആണ് ചോദ്യങ്ങൾ വന്നത് . അറിയാത്തതിന്റെ ഉത്തരം പറഞ്ഞും തന്നു . ആഴത്തിലുള്ള ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരം കൊടുക്കാൻ കഴിഞ്ഞു . തയ്യാറെടുപ്പുകൾ നല്ല പോലെ ഉപകരിച്ചു .
-CKR 15 03 2021
No comments:
Post a Comment