ഗെയിമിംഗ് ഡിസോഡർ എന്ന അവസ്ഥ
GAMING DISORDER
കഴിഞ്ഞ ആഴ്ചകളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വാർത്തയാണ് മൊബൈൽ ഗെയിം അഡിക്ഷൻ കുട്ടികളെ രൂക്ഷമായി ബാധിക്കുന്നു എന്നത്. ചില കുട്ടികളുടെ ആത്മഹത്യക്ക് പിന്നിലും ഗെയിം അഡിക്ഷനാണെന്നു രക്ഷിതാക്കളും, പോലീസും പറയുകയുണ്ടായി. അതേത്തുടർന്ന് പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് ഈ പ്രശ്നമുണ്ടെന്ന് പറഞ്ഞു മുൻപോട്ടു വരികയും, ചിലരെയെങ്കിലും മാനസികാരോഗ്യ സേവനങ്ങൾക്കായി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കോവിഡ് ലോക്ഡൗൺ തുടങ്ങിയതിനും, ക്ലാസുകൾ ഓൺലൈൻ ആയതിനും ശേഷം മൊബൈൽ ഗെയിം, ഇന്റർനെറ്റ് തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടി വരുന്നു എന്നതാണ് മാനസിക ആരോഗ്യ വിദഗ്ധരും പറയുന്നത്.
🛑ഓരോ പുതിയ സാങ്കേതിക വിദ്യ വരുമ്പോഴും ഇത്തരം ആശങ്കകൾ ഉണ്ടാവാറുണ്ട്. മുൻ കാലങ്ങളിൽ ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയവ ഇതുപോലെ കുട്ടികളെ അഡിക്റ്റഡ് ആക്കുന്നു എന്ന് പറഞ്ഞിരുന്നു. എന്തിന് അധികം, ക്രിക്കറ്റ് കളി വളരെ വ്യാപകമായ സമയത്ത് അതും കുട്ടികളെ നശിപ്പിക്കുന്നു എന്ന അഭിപ്രായമുള്ളവർ ഉണ്ടായിരുന്നു. ചില മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ കേരളത്തിലുള്ള മുഴുവൻ കുട്ടികൾക്കും ഗെയിം അഡിക്ഷനാണ് എന്ന ധ്വനിയുണ്ട്. ഏതായാലും മലയാളികളുടെ കണ്ണിലെ അടുത്ത "ഭീകര ജീവിയായി" മൊബൈൽ ഗെയിമുകൾ മാറി കഴിഞ്ഞു. ഈ വിഷയത്തെ നമ്മൾക്ക് ഒന്ന് പരിശോധിക്കാം.
❓എന്താണ് ഡിജിറ്റൽ ഗെയിമുകൾ?
👉കുട്ടിക്കാലത്ത് കളികളിൽ പങ്കെടുക്കാത്ത ആളുകൾ നന്നേ കുറവായിരിക്കും. ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ കളികൾ നിലനിന്നിരുന്നു. പുറത്ത് ഗ്രൗണ്ടുകളിലും മറ്റുമുള്ള കളികൾ, ചെസ്സ് പോലെയുള്ള കളികൾ, ബോർഡ് ഗെയിംസ് അങ്ങനെ പലതരത്തിലുള്ള കളികളിൽ നമ്മളിൽ പലരും ഏർപ്പെട്ടിരുന്നു.
👉ടിവിയുടെ ഉപയോഗം കൂടിയ സമയത്താണ് പുതിയ തരത്തിലുള്ള വീഡിയോ ഗെയിമുകൾ ആദ്യമായി വ്യാപകമാകുന്നത്. അതിനു ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള കളികൾ, പിന്നീട് പ്ലേ സ്റ്റേഷൻ പോലെയുള്ള സംവിധാനങ്ങൾ ഒക്കെ വന്നു. ഇത്തരത്തിൽ ഡിജിറ്റൽ മീഡിയം ഉപയോഗിച്ച് കളിക്കുന്ന കളികളെയാണ് ഡിജിറ്റൽ ഗെയിമുകൾ എന്ന് പറയുന്നത്.
👉കഴിഞ്ഞ പതിറ്റാണ്ടിൽ ഉണ്ടായ സ്മാർട്ട്ഫോൺ വിപ്ലവമാണ് ഡിജിറ്റൽ ഗെയിമുകൾക്ക് ഇത്രയധികം പ്രചാരം നൽകിയത്. സ്മാർട്ട്ഫോണുകളുടെ ഉപയോഗം കൂടുതൽ വ്യാപകമായതോടെ എല്ലാവർക്കും ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
❓കളികളിലെ കണക്കുകൾ!
👉ലോകത്ത് 2020ൽ 2.7 ബില്യൺ ആളുകൾ (ജനസംഖ്യയുടെ 30%) ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ ഗെയിമുകൾ കളിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. ഇതിൽ തന്നെ ഭൂരിഭാഗം ആളുകളും സ്മാർട്ട് ഫോൺ ഉപയോഗിച്ചുള്ള ഗെയിമുകളാണ് കളിക്കുക. ഈ കണക്കുകൾ വീണ്ടും ഉയരാൻ തന്നെയാണ് സാധ്യത.
👉ഗെയിം കളിക്കുന്ന വ്യക്തികളിൽ ഭൂരിഭാഗവും 25 വയസിനു മുകളിൽ ഉള്ളവരാണ് (74%). അതിൽ തന്നെ 25-34 വയസുള്ള വ്യക്തികളാണ് ഏറ്റവും കൂടുതൽ ഗെയിം കളിക്കുന്നവർ. ഇതുമായി തട്ടിച്ചു നോക്കുമ്പോൾ ഗെയിമുകൾ ഏർപ്പെടുന്ന കൗമാരക്കാരുടെ എണ്ണം കുറവാണ്. പക്ഷെ കുട്ടികളെകുറിച്ച് മാത്രമേ നമ്മൾ പലപ്പോഴും ആശങ്കപ്പെടുന്നുള്ളു.
👉കോവിഡ് വ്യാപനം മൂലം ലോകം മുഴുവൻ കുട്ടികളിലെ മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉപയോഗം കൂടാൻ കാരണമായിട്ടുണ്ട് എന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ മൊബൈൽ ഗെയിമുകളിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണവും നല്ലരീതിയിൽ കൂടിയിട്ടുണ്ട്.
❓കളികൾ പലവിധം.
മൊബൈൽ ഗെയിം എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും പല തരത്തിലുള്ള ഗെയിമുകൾ ഇന്ന് ലഭ്യമാണ്. ഇത്തരം ഗെയിമുകളെ പല രീതിയിൽ തരംതിരിച്ചിട്ടുണ്ട്.
👉Casual games: വളരെ എളുപ്പത്തിൽ കളിക്കാവുന്നവയാണ് ഇവ. മിക്കപ്പോഴും ഒരു പ്ലേയർ മാത്രമേ കാണുകയുള്ളൂ. പസിലുകൾ, കാർഡ് -ബോർഡ് ഗെയിം, arcade ഒക്കെ ഈ ഗ്രൂപ്പിൽ വരും.
👉Multiplayer online battle arena (MOBA): കൂടുതൽ ആളുകൾക്ക് ഒരുമിച്ച് കളിക്കാവുന്ന ഗെയിമുകളാണ് ഇവ. ഒരു ലക്ഷ്യത്തിന് വേണ്ടി പരസ്പരം പോരാടുന്ന ഒരു രീതിയാണ് ഇതിൽ പൊതുവേ ഉള്ളത്. കളിയിൽ പങ്കെടുക്കുന്ന ആളുകൾക്ക് പ്രത്യേക റോൾ, ചുമതലകൾ ഒക്കെ ഉണ്ടാകും. ഓരോ ഘട്ടവും പൂർത്തിയാകുമ്പോൾ ചില സമ്മാനങ്ങൾ/ നേട്ടങ്ങൾ കിട്ടുകയും ചെയ്യും.
👉Massively multiplayer online role-playing game(MMORPG)
ആയിരക്കണക്കിന് ആളുകൾ ഒരേ സമയം ഒരേ സെർവറിൽ കളിക്കുന്ന ഗെയിമുകൾ ആണിവ. ഇതിൽ ഓരോ വ്യക്തിക്കും ഒരു കഥാപാത്രം ഉണ്ടാകും. പല ആളുകളും പരസ്പരം സഹകരിച്ച് മുമ്പോട്ട് പോയാണ് ഈ കളികൾ കളിക്കുക. മുൻപോട്ടു പോകുന്നത് അനുസരിച്ച് കളിയിൽ മാറ്റങ്ങൾ വരും. ഓരോ ഘട്ടവും കഴിയുമ്പോൾ സ്ഥാന കയറ്റം, കൂടുതൽ ആയുധങ്ങൾ, അങ്ങനെ പലതരത്തിലുള്ള റിവാർഡുകൾ ലഭിക്കും. ചില കളികളിൽ പൈസ കിട്ടുന്ന രീതിയുമുണ്ട്. ഈ കളികൾ മണിക്കൂറുകൾ തൊട്ടു ദിവസങ്ങൾ വരെ നീണ്ടു നിൽക്കാം.
❓എന്താണ് ഗെയിം അഡിക്ഷൻ?
👉സ്ഥിരമായി ഡിജിറ്റൽ ഗെയിമുകളിൽ ഏർപ്പെടുന്ന ആളുകളിൽ ചെറിയൊരു ശതമാനം നേരിടുന്ന ഒരു സവിശേഷ സാഹചര്യമാണ് ഗെയിം അഡിക്ഷൻ. കൂടുതലായി മാധ്യമങ്ങളിലാണ് ഗെയിം അഡിക്ഷൻ എന്ന പ്രയോഗം കാണുക.
👉മാനസികരോഗ നിർണ്ണയത്തിൽ സഹായിക്കുന്ന DSM 5, പോലെയുളള മാർഗ്ഗരേഖകൾ അഡിക്ഷൻ എന്നൊരു വാക്ക് നിലവിൽ ഉപയോഗിക്കുന്നില്ല. അഡിക്ഷൻ എന്ന പ്രയോഗം, കൂടുതൽ വേർതിരിവ് ഉണ്ടാക്കുന്നതാണ് എന്നുള്ളത് കൊണ്ടാണ് ഇത് ഒഴിവാക്കിയത്. ഗെയിം അഡിക്ഷൻ DSM 5ൽ Internet Gaming Disorder ( IGD) എന്നും, 2022ൽ നിലവിൽ വരാൻ പോകുന്ന ICD-11 ൽ Gaming Disorder (GD) എന്നുമാണ് അറിയപ്പെടുന്നത്.
👉ഒരു വ്യക്തി ഡിജിറ്റൽ ഗെയിമുകൾ കളിക്കാനും, അതിനു തയ്യാറെടുക്കാനുമായി വളരെയധികം സമയം ചെലവാക്കുക, ഗെയിം കളിക്കുന്നതിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുക, തുടർച്ചയായി ഗെയിം കളിക്കുന്നത് മൂലം ബുദ്ധിമുട്ടുകൾ ഉണ്ടായതിനു ശേഷവും ഗെയിം കളിക്കുന്നത് തുടരുക, അങ്ങനെ ഈ ഒരു രീതി അയാളുടെ വ്യക്തി- സാമൂഹിക ജീവിതം, വിദ്യാഭ്യാസം, ജോലി ഇവയെ ബാധിക്കുന്ന അവസ്ഥയിൽ എത്തുമ്പോഴാണ് ഗെയിമിംഗ് ഡിസോഡർ എന്ന പറയുക. .
👉ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത് ഓൺലൈൻ ഗെയിമുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോൾ 1-2% ആളുകൾക്ക് മാത്രമാണ് ഇതൊരു പ്രശ്നമായി മാറുന്നത് എന്നാണ്.
❓ഗെയിമിങ് ഡിസോർഡർ നിലവിൽ ഒരു മാനസിക രോഗമാണോ?
📌മാനസിക രോഗങ്ങളുടെ നിർണ്ണയത്തിന് പൊതുവിൽ ഉപയോഗിക്കുന്നത് രണ്ടു മാർഗ്ഗരേഖകൾ ആണ്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ പുറത്തിറക്കുന്ന DSM, ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന ICD. 2013ൽ പുറത്ത് ഇറങ്ങിയ DSM 5 ആണ് നിലവിൽ ഉപയോഗിക്കുന്നത്. ഗെയിമിങ് ഡിസോർഡർ അതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു എങ്കിലും അന്ന് അതിനെ പിന്തുണയ്ക്കുന്ന പഠനങ്ങൾ കുറവായത് കൊണ്ട് "കൂടുതൽ പഠനം ആവശ്യമായ അവസ്ഥകൾ" എന്ന ഭാഗത്താണ് ഇൻ്റർനെറ്റ് ഗെയിമിങ് ഡിസോർഡർ ഉൾപ്പെടുത്തിയത്.
📌നിലവിൽ പ്രാബല്യത്തിലുള്ള ICD 10 ൽ ഇങ്ങനെ ഒരു അവസ്ഥയില്ല. എന്നാലും പുതിയതായി പുറത്ത് വന്ന ICD 11ൽ ലഹരി അനുബന്ധ രോഗങ്ങളുടെ ഗണത്തിൽ ഗെയിമിങ് ഡിസോർഡർ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരി ആശ്രയത്വം ഉള്ള വ്യക്തികളിൽ കാണുന്ന തരത്തിലുള്ള ലക്ഷണങ്ങളും, തലച്ചോറിലെ മാറ്റങ്ങളും ഗെയിമിങ് ഡിസോർഡർ ഉള്ള വ്യക്തികളിലും പഠനങ്ങളിൽ കണ്ടത് കൊണ്ടാണ് ഈ അവസ്ഥയെ ഉൾപ്പെടുത്താൻ തീരുമാനം എടുത്തത്. കേവലം രോഗ ചികിത്സക്ക് അപ്പുറം ഈ അവസ്ഥയെ കുറിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ നടക്കാൻ ഇത്തരം ഒരു കാര്യം ആവശ്യമാണ് എന്നാണ് WHO വിലയിരുത്തിയത്. പക്ഷേ 2022ൽ മാത്രമേ ICD 11 പ്രാബല്യത്തിൽ വരു.
👉അതുകൊണ്ട് നിലവിൽ ഇതൊരു മാനസിക രോഗമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വേണം പറയാൻ. പക്ഷേ മുൻപ് പറഞ്ഞത് പോലെ നിരവധി ആളുകൾ മേൽ പറഞ്ഞ ബുദ്ധിമുട്ടുകളുമായി മാനസികാരോഗ്യ സേവനങ്ങൾ തേടിയെത്തുന്നുണ്ട്. അവർക്ക് ആവശ്യമായ പരിചരണവും ചികിത്സയും ഒരുക്കുക അതുകൊണ്ട് തന്നെ നമ്മുടെ ഉത്തരവാദിത്തമാണ്. അത് നിലവിലുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്ന് മാത്രം. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഗെയിമിങ് ഡിസോർഡർ ഉള്ളവർക്ക് സേവനങ്ങൾ നൽകാനുള്ള പ്രത്യേക ആശുപത്രികൾ അവർ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.
❓എങ്ങനെയാണ് ഗെയിം ആശ്രയത്വം ഉണ്ടാക്കുന്നത്?
👉എന്തുകൊണ്ടാണ് നമ്മൾ കളികളിൽ ഏർപ്പെടുക? നമ്മൾക്ക് അത് സന്തോഷം നൽകുന്നത് കൊണ്ടാണ്. ഇത്തരത്തിൽ നമ്മൾക്ക് സന്തോഷം നൽകുന്ന പ്രവൃത്തികളൊക്കെ തലച്ചോറിലെ reward circuit എന്ന ഭാഗത്ത് പ്രവർത്തിച്ചു അവിടെ ഡോപ്പാമിൻ എന്ന നാഡീ രസം കൂടുതലായി ഉണ്ടാക്കും. അപ്പോഴാണ് നമ്മൾക്ക് സന്തോഷം തോന്നുക.
👉മിക്ക ഗെയിമുകളും ഡിസൈൻ ചെയ്തിരിക്കുന്നത് ഇതുപോലെ നമ്മൾക്ക് കൃത്യ ഇടവേളകളിൽ സന്തോഷം നൽകുന്ന നേട്ടങ്ങൾ/ സമ്മാനങ്ങൾ ഒക്കെ പ്ലാൻ ചെയ്താണ്. അതുകൊണ്ട് വീണ്ടും വീണ്ടും നമ്മൾക്ക് കളിക്കാൻ തോന്നും. അങ്ങനെ ഒരു reward ഇല്ലെങ്കിൽ ഗെയിം കളിക്കുന്നത് വളരെ ബോറുപരിപാടി ആയിരിക്കും.
👉ഇതിൽ ജൈവ പരമായും, സാമൂഹിക - മാനസിക ഘടകങ്ങളുടെ പ്രവർത്തനം കൊണ്ടും ആശ്രയത്വം ഉണ്ടാകാൻ സാധ്യതയുള്ള വ്യക്തികളിൽ തുടർച്ചയായി ഗെയിം കളിക്കുന്നത് തലച്ചോറിൽ മാറ്റങ്ങൾ ഉണ്ടാക്കും.ആദ്യം ലഭിച്ച സന്തോഷം പതിയെ ലഭിക്കാതെ വരും. കൂടുതൽ സമയം കളികളിൽ ഏർപ്പെട്ടാൽ മാത്രമേ അവർക്ക് ആ സന്തോഷം ലഭിക്കൂ. അങ്ങനെ പതിയെ നമ്മൾ അറിയാതെ തന്നെ കളികളിലുള്ള നിയന്ത്രണം നഷ്ടപ്പെടും.
👉കളിക്കാതെ ഇരിക്കുക എന്നത് അസ്വസ്ഥത ഉണ്ടാക്കും. നമ്മുടെ സാധാരണ ജോലികളും കടമകളും വേണ്ട എന്ന് വെച്ച് സന്തോഷം നൽകുന്ന ഗെയിമുകളുടെ പിറകെ പോകും. ഇങ്ങനെയാണ് ആശ്രയത്വം ഉണ്ടാവുക.
👉വ്യക്തികളുടെ പ്രത്യേകതകൾക്കൊപ്പം തന്നെ കൂടുതൽ റീവാർഡുകൾ നൽകുന്ന ഗെയിമുകളുടെ പ്രത്യേകതയും ആശ്രയത്വം ഉണ്ടാവാൻ കാരണമാകാം. MMORPG പോലെയുള്ള ഗെയിമുകൾ ഇത്തരത്തിൽ ആശ്രയത്വം ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ള ഗെയിമുകളാണ്.
❓എന്തൊക്കെയാണ് ഗെയിമിംഗ് ഡിസോഡറിൻ്റെ ലക്ഷണങ്ങൾ?
12 മാസ കാലയളവിൽ താഴെ പറയുന്നതിൽ 5 ലക്ഷണങ്ങൾ എങ്കിലും ഉണ്ടാവണം. രോഗ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ 12 മാസം ഇല്ലെങ്കിലും ഈ രോഗാവസ്ഥ സ്ഥിരീകരിക്കാം.
👉ഗെയിം കളിക്കുന്നതിനും, അതിനുള്ള മുന്നൊരുക്കത്തിനുമായി വളരെയധികം സമയം ചെലവഴിക്കുക. കൂടുതൽ സമയവും ഗെയിം കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുക.
👉മുൻപത്തേക്കാൾ കൂടുതൽ സമയം ഗെയിംസിനായി ചെലവഴിക്കേണ്ടി വരിക.
👉ഗെയിംസിനായി ചെലവഴിക്കുന്ന സമയം പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കാതെ വരുക.
👉പെട്ടെന്ന് കളിനിർത്തുമ്പോൾ ദേഷ്യം, ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷമം തുടങ്ങിയ വിടുതൽ ലക്ഷണങ്ങൾ ഉണ്ടാവുക.
👉ഗെയിം കളിക്കുന്നതിനായി കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ട് മുൻപ് താല്പര്യമുള്ള കാര്യങ്ങളൊക്കെ ചെയ്യാത്ത അവസ്ഥ.
👉ഗെയിം കളിക്കുന്നത് മൂലം മാനസിക- സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞിട്ടും അതേ രീതി തുടരുക.
👉എത്ര സമയം കളിക്കുന്നു എന്നതിനെക്കുറിച്ച് പലപ്പോഴും കള്ളം പറയുക.
👉മാനസിക സംഘർഷങ്ങളെ നേരിടാനുള്ള ഒരു മാർഗമായി ഗെയിമിനെ ഉപയോഗിക്കുക.
👉ഗെയിം കളിക്കുന്നത് മൂലം ജോലി, വിദ്യാഭ്യാസം, ബന്ധങ്ങൾ തുടങ്ങിയവ അവതാളത്തിൽ ആവുക.
❓എന്താണ് ഗെയിമിംഗ് ഡിസോഡറിൻ്റെ കാരണങ്ങൾ ?
👉ജൈവപരമായ കാരണങ്ങൾ: ഒരു സ്വഭാവം ആശ്രയത്വമായി മാറുന്നത് നിർണയിക്കുന്ന ജൈവപരമായ ഘടകങ്ങളുണ്ട്. ജനിതകമായ വ്യതിയാനങ്ങൾ മൂലം തലച്ചോറിലെ വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, നാഡീ രസങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഇവയൊക്കെ ആശ്രയത്വം വരാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഗെയിമിംഗ് ഡിസോർഡർ ഉള്ളവരിലും ഈ മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
👉ചില മാനസിക രോഗങ്ങൾ: ഗെയിമിംഗ് ഡിസോഡർ ഉള്ള വ്യക്തികളെ കൂടുതൽ വിശദമായി പരിശോധിച്ച് കഴിയുമ്പോൾ ഇതിൽ പലർക്കും പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങൾ ഒരു വ്യക്തിക്ക് ഗെയിമിംഗ് ഡിസോഡർ വരാനുള്ള സാധ്യത കൂട്ടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. കുട്ടികളിലും മുതിർന്നവരിലും കാണുന്ന ADHD, പെരുമാറ്റ പ്രശ്നങ്ങൾ, വിഷാദ രോഗം, ഉത്കണ്ഠ രോഗം ഇവയൊക്കെ ആശ്രയത്വ സാധ്യത പല മടങ്ങ് കൂട്ടും. പലരും ഇത്തരം അവസ്ഥയെ നേരിടാനുള്ള ഒരു മാർഗ്ഗമായി ഗെയിമുകൾ കളിക്കാറുണ്ട്.
👉വ്യക്തിത്വ പ്രത്യേകതകൾ: എടുത്ത് ചാട്ടം കൂടുതലുള്ള വ്യക്തികൾ, വികാര നിയന്ത്രണം കുറവുള്ളവർ, വീണ്ടു വിചാരം കുറഞ്ഞവർ, തീരുമാനം എടുക്കാൻ കഴിവ് കുറഞ്ഞവർ, സ്വത്വ ബോധം കുറഞ്ഞവർ ഇവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
👉കുടുംബ - സാമൂഹിക അന്തരീക്ഷം: കുട്ടികളെ നോക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് കുറയുന്നത്, കുടുബ പ്രശ്നങ്ങൾ, ഏകാന്തത, വേർതിരിവ് അനുഭവിക്കുന്നവർ, ബുള്ളിയിങ് അനുഭവിക്കുന്ന കുട്ടികൾ, സാമൂഹികമായി ഒറ്റപ്പെട്ടവർ തുടങ്ങിയവരിലും ഗെയിമിംഗ് ഡിസോഡർ കൂടുതലാണ്.
❓ഗെയിമിംഗ് ഡിസോഡറിൻ്റെ പരിണിത ഫലങ്ങൾ എന്തൊക്കെയാണ്?
👉ഗെയിമിംഗ് ഡിസോഡർ പലതരത്തിലുള്ള മാനസിക -ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കാം.
👉ഉറക്കക്കുറവ്, പിരിമുറുക്കം, ഉത്കണ്ഠാ രോഗം, വിഷാദം, മാനസിക സമ്മർദ്ദം, ആത്മഹത്യാപ്രവണത ഇവയൊക്കെ കൂട്ടാൻ കാരണമാകും.
👉അമിതവണ്ണം, കാഴ്ച പ്രശ്നങ്ങൾ, തലവേദന ഇവയും ഉണ്ടാക്കാം.
👉കുട്ടികൾ പഠനത്തിൽ പിന്നോട്ട് പോകാനും, അമിതദേഷ്യം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനും സാധ്യതയുണ്ട്.
❓എപ്പോഴാണ് സഹായം തേടേണ്ടത്?
👉ഗെയിം കളിക്കുന്ന സമയം ക്രമാതീതമായി കൂടുക, ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പറ്റാതെ വരിക, ഉറക്കം, ഭക്ഷണം ഇവയൊക്കെ മാറ്റിവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക, പഠനത്തിലും ജോലിയിലും പിന്നോട്ട് പോവുക, ബന്ധങ്ങൾ മോശമാക്കുന്ന സാഹചര്യം ഉണ്ടാവുക ഇവയൊക്കെ ഗെയിം കളിക്കുന്നത് പ്രശ്‌നമാകുന്നതിൻ്റെ ലക്ഷണങ്ങളാണ്.
❓ഗെയിമിംഗ് ഡിസോഡർ എങ്ങനെ കണ്ടെത്തും?
👉ഒരു വ്യക്തിക്ക് ഗെയിമിംഗ് ഡിസോഡർ ഉണ്ടെന്ന് നിർണയിക്കുക ആ വ്യക്തിയെ നേരിട്ട് പരിശോധിച്ചതിനുശേഷമാണ്. എത്രത്തോളം സമയം ഗെയിം കളിക്കാൻ ചെലവഴിക്കുന്നുണ്ട്, എന്തൊക്കെ ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാവുന്നുണ്ട് ഇവ വിലയിരുത്തേണ്ടതുണ്ട്.
👉ഏതെങ്കിലും തരത്തിലുള്ള മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഈ വ്യക്തിക്ക് ഉണ്ടോ എന്നുള്ളതും കണ്ടെത്തേണ്ടതുണ്ട്.
👉അതിനൊപ്പം ഗെയിമിംഗ് ഡിസോഡർ അവസ്ഥയിലേക്ക് നയിക്കുന്ന വ്യക്തിപരവും, കുടുംബപരവും, സാമൂഹികവും ആയിട്ടുള്ള കാരണങ്ങളെ കണ്ടെത്തുകയും വേണം. ഇവയൊക്കെ കണ്ടെത്തി പരിഹരിക്കുക എന്നുള്ളത് ചികിത്സയുടെ ലക്ഷ്യമാണ്.
❓ചികിത്സ എങ്ങനെ?
📌മനശാസ്ത്ര ചികിൽസകൾ: ഗെയിമിംഗ് ഡിസോഡർ ചികിത്സയിൽ ഏറ്റവും പ്രധാനം മനശാസ്ത്ര ചികിത്സകളാണ്. ഇതിൽ തന്നെ കൂടുതൽ പഠനങ്ങൾ നടന്നിട്ടുള്ളത് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി അഥവാ CBT എന്ന മനശാസ്ത്ര ചികിത്സയിലാണ്. ഇതുകൂടാതെ റിലാക്സേഷൻ പരിശീലനം, ഗ്രൂപ്പ് തെറാപ്പി, ഫാമിലി തെറാപ്പി, തുടങ്ങിയ ചികിത്സകളും ഫലപ്രദമാണ്.
📌മരുന്ന് ചികിൽസകൾ: ഗെയിമിംഗ് ഡിസോഡർ എന്ന അവസ്ഥയെ നേരിട്ട് പരിഹരിക്കുന്ന മരുന്നുകളൊന്നും തന്നെ ഇല്ല. എന്നാൽ ഈ വ്യക്തികൾക്ക് ADHD, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക രോഗാവസ്ഥകൾ കൂടിയുണ്ടെങ്കിൽ മരുന്നുകൾ നല്ല രീതിയിൽ പ്രയോജനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ADHD അവസ്ഥയെ ചികിത്സിക്കുന്ന മരുന്നുകളാണ് ഏറ്റവും മികച്ച ഫലങ്ങൾ നൽകിയിട്ടുള്ളത്. ഗെയിമിംഗ് ഡിസോഡർ ഉള്ള മുതിർന്ന വ്യക്തികളിൽ പോലും തിരിച്ചറിയപ്പെടാതെ പോയ ADHD ലക്ഷണങ്ങൾ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. അവർക്കും ഇത്തരം മരുന്നു ചികിത്സ പ്രയോജനം ചെയ്യും.
📌ഒരുമിച്ചുള്ള ചികിത്സ: മനശാസ്ത്ര ചികിത്സകളോ, മരുന്നുകളോ പ്രയോജനം ചെയ്യാത്ത വ്യക്തികളിൽ ഇവ രണ്ടും ഒരുമിച്ചു ഉപയോഗിക്കാവുന്നതാണ്.
🛑പ്രതിരോധം:
📌ശരിയായ ഇൻറർനെറ്റ്-ടെക്നോളജി ഉപയോഗ രീതികൾ ചെറുപ്പം മുതലേ പരിശീലിപ്പിക്കുന്നത് വഴിയായി ഗെയിമിങ് ഡിസോഡർ വരാതെ ഒരു പരിധിവരെ സൂക്ഷിക്കാൻ സാധിക്കും.
📌എന്തെങ്കിലും പ്രശ്നം ഉണ്ടായതിനുശേഷം എല്ലാം അടച്ചുപൂട്ടി വയ്ക്കുന്നതിന് പകരം ആദ്യകാലം മുതലേ കുട്ടികളുമായി ചർച്ച ചെയ്തു ഗെയിം ഉപയോഗിക്കുന്നതിൽ ഒരു ചിട്ട കൊണ്ടുവരുന്നത് നന്നായിരിക്കും.
📌ഗെയിം കളിക്കാൻ വീട്ടിലെ പൊതു സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിനെ പിന്തുണക്കുക. മുറികളിൽ അടച്ചിരുന്നു കളിക്കുന്നത് ഒഴിവാക്കാം.
📌ഗെയിം കളിക്കാൻ കൃത്യമായ ഒരു സമയം നിശ്ചയിക്കുക. ആ സമയം മാത്രം കളിക്കാൻ അനുവദിക്കുക. കുട്ടികൾ അവരുടെ പഠനവും മറ്റു ചുമതലകളും കൃത്യമായി ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം.
📌വളരെ ചെറിയ കുട്ടികൾ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം ഗെയിം കളിക്കുന്ന രീതി ഉണ്ടാകുക.
📌ഏതു തരത്തിലുള്ള ഗെയിമുകൾ കളിക്കുന്നു എന്നതും ശ്രദ്ധിക്കണം. എന്തുകൊണ്ട് അത്തരം കളികൾ പാടില്ല എന്നുള്ളത് കുട്ടികൾക്ക് മനസിലാകുന്ന പോലെ പറഞ്ഞു നൽകുക.
📌 ഗെയിമുകൾക്ക് വേണ്ടി പൈസ ചിലവഴിക്കുന്നത് ഒഴിവാക്കാൻ ഡിജിറ്റൽ പണമിടപാട് രീതികൾ ലോക്ക് ചെയ്തു സൂക്ഷിക്കാം.
📌പലർ ചേർന്നുള്ള കളികൾ ആണെങ്കിൽ, ആരുടെ കൂടെയാണ് കളിക്കുന്നത് എന്നതും ശ്രദ്ധിക്കണം.
📌ഓർക്കുക ഏതു തരത്തിലുള്ള നിയന്ത്രണവും നടപ്പാക്കുന്നത് കുട്ടികളുടെ സ്വകാര്യതയെ ലംഘിക്കാതെയും, അവരെ വിശ്വാസത്തിൽ എടുത്തുകൊണ്ടു ആവണം. ഇൻറർനെറ്റും ടെക്നോളജിയും പുതിയ തലമുറയുടെ നിലനിൽപ്പിന് ഒരു അവിഭാജ്യഘടകമാണ് എന്നുള്ളതും മനസ്സിലാക്കണം.
📌സംഘർഷങ്ങളും, ശാരീരിക ശിക്ഷ നടപടികളും ഒഴിവാക്കണം.
❓രക്ഷിതാക്കൾ എന്തൊക്കെ ശ്രദ്ധിക്കണം?
👉മൊബൈൽ ഗെയിം കളിക്കുക എന്നത് ഈ കാലഘട്ടത്തിലെ ഒരു സ്വാഭാവിക വിനോദ ഉപാധിയാണെന്ന് നമ്മൾ തിരിച്ചറിയണം. അതുകൊണ്ടു തന്നെ ഗെയിം കളിക്കാൻ അനുവദിക്കാതെയിരിക്കുക എന്നത് ഒരു ഫലപ്രദമായ നിയന്ത്രണ മാർഗ്ഗമല്ല.
👉കുട്ടികളുടെ താൽപര്യവും, ലഭ്യമായിട്ടുള്ള ഗെയിമുകളുടെ പ്രത്യേകതകളും കണക്കിലെടുത്തുവേണം ഗെയിമുകൾ തിരഞ്ഞെടുക്കാൻ.
👉മുതിർന്നവർ ശരിയായ രീതിയിലുള്ള മൊബൈൽ ഉപയോഗം പ്രാവർത്തികമാക്കുന്നത് കുട്ടികൾ അത് കണ്ടുപഠിക്കുന്നതിനു സഹായിക്കും.
👉ഗെയിം കളിക്കാൻ കൃത്യമായ സമയം നിർണ്ണയിക്കുകയും, ഒറ്റയ്ക്ക് കളിക്കാൻ അനുവദിക്കുന്നതിന് പകരം കുടുംബമായി ഒരുമിച്ച് ഗെയിമുകൾ കളിക്കുന്ന രീതി ഉണ്ടാക്കുകയും ചെയ്യുക.
👉കുട്ടികളുമായി സംസാരിച്ച് ഗെയിം കളിക്കുന്നതിൽ നിയന്ത്രണങ്ങൾ മുന്നേ കൂട്ടി തയ്യാറാക്കുകയും അത് നടപ്പാക്കുകയും ചെയ്യുക.
👉ഓൺലൈൻ ഗെയിമുകൾക്ക് പകരമായി മറ്റ് വിനോദ ഉപാധികൾ കുട്ടികൾക്കൊപ്പം ചെയ്യാനായി സമയം കണ്ടെത്തുക.
👉ശാരീരിക വ്യായാമങ്ങൾ, കായിക വിനോദങ്ങൾ ഇവയ്ക്കായി സമയം മാറ്റി വയ്ക്കുകയും അതിന് ആവശ്യമായ പ്രാധാന്യം നൽകുകയും ചെയ്യുക.
👉രാത്രി കാലങ്ങളിൽ കുട്ടിക്ക് മൊബൈൽ നൽകുന്നത് ഒഴിവാക്കാം. ഒരു പ്രത്യേക സമയത്തിന് ശേഷം എല്ലാവരും ഫോണുകൾ പൊതു സ്ഥലത്തു സൂക്ഷിക്കുക എന്നൊരു രീതി നടപ്പിലാക്കി എടുക്കാം. മാതാപിതാക്കൾ അതിൽ മാതൃക കാണിക്കണം.
👉കുട്ടികൾ ഫോണിൽ എത്ര സമയം ചിലവഴിക്കുന്നു എന്നൊക്കെ രക്ഷിതാക്കൾക്ക് നിരീക്ഷിക്കാൻ സഹായിക്കുന്ന ആപ്ലികേഷനുകൾ ലഭ്യമാണ് (ഗൂഗിൾ ഫാമിലി). കൗമാരക്കാരാണ് എങ്കിൽ അവരോടു മുൻകൂട്ടി പറഞ്ഞതിന് ശേഷം ഇത്തരം സേവനങ്ങൾ ഉപയോഗിക്കാം. കളികൾക്കും മറ്റുമായി കുട്ടി എത്ര സമയം ചിലവഴിക്കുന്നു, എപ്പോ നിയന്ത്രണം വേണം തുടങ്ങിയ കാര്യങ്ങൾ ഇത് വഴി അറിയാൻ സാധിക്കും.
👉ഒരു കുട്ടി എപ്പോഴാണ് ഗെയിമിംഗ് ഡിസോഡർ ലെവലിലേക്ക് പോകുന്നത് എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക. പഠനത്തിൽ പിന്നോട്ട് പോവുക, സ്വഭാവത്തിലെ മാറ്റം, ഉറക്കക്കുറവ്, മറ്റു കാര്യങ്ങളിൽ താല്പര്യം കുറയുന്നത്, ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ടാ കള്ളത്തരങ്ങൾ പറയുന്നത് ഇവയൊക്കെ വാണിംഗ് ലക്ഷണങ്ങൾ ആണ്.
🛑ഇൻറർനെറ്റ്, സാങ്കേതികവിദ്യ, സ്മാർട്ട് ഫോൺ ഇവയൊക്കെ മനുഷ്യ ജീവിതത്തിൻ്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ഇവ നൽകുന്ന നിരവധി പ്രയോജനങ്ങളുണ്ട്. ഇവയില്ലാതെ മുൻപോട്ടു പോവുക ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമാണ്.
🛑ഓൺലൈൻ ഗെയിമുകൾ പലതരത്തിലുള്ള മാനസികവും ബൗദ്ധികവുമായ പ്രയോജനങ്ങൾ നൽകുന്നുണ്ട് എന്നുള്ള പഠനങ്ങളും പുറത്തുവരുന്നുണ്ട്.
🛑ഈ കോവിഡ് കാലത്ത് വ്യക്തികൾ തമ്മിൽ പരസ്പരം ബന്ധപ്പെടാനും, കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസത്തിനും, സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സഹായിച്ചതും ഇന്റർനെറ്റും ഫോണുകളുമാണ് എന്നുള്ളതും നമ്മൾ മറക്കാൻ പാടില്ല.
🛑നമ്മുടെ കുട്ടികൾ 99.47% എന്ന റെക്കോർഡ് പത്താംക്ലാസ് വിജയം നേടിയതും ഫോൺ വെച്ച് പഠിച്ചിട്ടാണ് എന്നോർക്കണം. അത് മാത്രമല്ല വിവിധ പ്രൊഫെഷണൽ കോഴ്‌സുകൾ വരെ ഫോൺ ഉപയോഗിച്ച് പഠിക്കുന്ന വിദ്യാർത്ഥികളാണ് നമ്മുടെ ഇടയിടയിലുള്ളത്. അവരൊന്നും മോശമാകുന്നില്ല എന്നതാണ് സത്യം.
🛑എന്നിരുന്നാൽ തന്നെ ഇന്റർനെറ്റും മൊബൈൽ ഫോണുകളും ശരിയായി ഉപയോഗിക്കാതിരുന്നാൽ ചെറിയ ശതമാനം ആളുകൾക്ക് അത് പ്രശ്നമായി മാറാം എന്നാണ് നിലവിലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രശ്നവും കൂടെ കണക്കിലെടുത്തുകൊണ്ടുള്ള മാറ്റങ്ങൾ നമ്മുടെ ടെക്നോളജി ഉപയോഗത്തിൽ വരേണ്ടതുണ്ട്.
🛑ഫോണുകൾ ഒരിക്കലും ഉപയോഗിക്കാതെ ഇരിക്കുക എന്നതല്ല അതിനുള്ള പരിഹാരം. ശരിയായ രീതിയിൽ ഇവ ഉപയോഗിക്കാൻ നമ്മുടെ കുട്ടികളെയും മുതിർന്നവരെയും പരിശീലിപ്പിക്കുകയാണ് വേണ്ടത്.
🛑ഇതിനോടൊപ്പം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരെ കണ്ടെത്താനും അവർക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഇവയെക്കുറിച്ച് കൂടുതൽ അവബോധം സമൂഹത്തിലും കുട്ടികൾ ഇടയിലും ഉണ്ടാകേണ്ടതുണ്ട്.
🛑ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ വലുതാക്കി കാണിച്ച് ഫോൺ ഉപയോഗിക്കുന്നവർക്ക് മുഴുവൻ ഗെയിം അഡിക്ഷനാണ് എന്ന രീതിയിലുള്ള പ്രചാരണം ഗുണത്തേക്കാളേറെ ദോഷം മാത്രമേ ചെയ്യുകയുള്ളൂ. അത് കുട്ടികളിലും, രക്ഷിതാക്കളിലും അനാവശ്യ ഭയം ഉണ്ടാക്കാനും ഇടയാകും.
🛑ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വിദഗ്‌ധരും ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേണം അവരുടെ അഭിപ്രായങ്ങൾ നൽകുവാൻ. കേവലം പൊതു ബോധത്തെ തൃപ്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ കൂടുതൽ ദോഷം ചെയ്യാനാണ് സാധ്യത.
❤️ഉത്തരവാദിത്ത പൂർവം നമ്മൾക്ക് ഇന്റർനെറ്റും, ഫോണും , മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിക്കാം. അതിനുള്ള പരിശീലനം ചെറുപ്പത്തിൽ വീടുകളിലും സ്‌കൂളുകളിലും ആരംഭിക്കാം.
*************************************************************************
എഴുതിയത്: Dr. Jithin T. Joseph ,Info Clinic
(CONTACT : https://www.facebook.com/infoclinicindia/
ഇതിലെ മെസെൻഞ്ചർ വഴി നേരിട്ട് ബന്ധപ്പെടാവുന്നതാണ്)