10 / 7 / 25 : ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ വാർഷിക യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്‌സാണ്ടർ മാസ്റ്റർ ഉൽഘാടനം ചെയ്തു. .
ഇന്നത്തെ മീറ്റിംഗ് ഏറ്റവും ഭംഗിയായി ക്രമീകരിച്ച എല്ലാ സഹപ്രവർത്തകർക്കും നന്ദി. 36 രക്ഷിതാക്കൾ എത്തിച്ചേർന്നു .
ഷീബ കെ വി,സുമ കെ വി , അശ്വതി രാജു ,ഗ്രീഷ്‌മ ജോസ് ,സി കെ രാധാകൃഷ്ണൻ തുടങ്ങിയ ഫാക്കൽറ്റിമാർ പങ്കെടുത്തു .
ഇത്രയും രക്ഷിതാക്കൾ എത്തിയതു തന്നെ നമ്മുടെ കൂട്ടായ ശ്രമത്തിൻ്റെ വിജയമാണ്.ഇതിനെല്ലാം വേണ്ട പിന്തുണ നൽകിയ ഫാക്കൽറ്റിമാർക്കും പഞ്ചായത്ത് ഭരണ സമിതിക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു .
പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം കുട്ടികൾക്ക് ഏറെ പ്രയോജനകരമായതിനാൽ സ്ഥിര സംവിധാനമായി തുടരാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വാർഷിക ഫണ്ട് ന്യായമായ തോതിൽ ഉയർത്തണമെന്നും പഞ്ചായത്തു ഭരണ സമിതിയോട് ആവശ്യപ്പെടുന്ന നിവേദനം നല്കാൻ രക്ഷിതാക്കളുടെ യോഗം തീരുമാനിച്ചു .
മനീഷ് (പ്രസിഡണ്ട് ) ,ശാരിക (വൈസ് പ്രസിഡണ്ട് ), പ്രതീഷ , ബീന തുടങ്ങിയവർ അംഗങ്ങളായ രക്ഷിതാക്കളുടെ ഒരു പ്രവർത്തന കമ്മിറ്റി രൂപീകരിച്ചു .
ബഹുമാനപ്പെട്ട കേരള സംസ്‌ഥാന മുഖ്യ മന്ത്രി ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി ,
ഭിന്നശേഷി ഡയറക്ടറേറ്റ് കമീഷണർ എന്നിവർക്ക്
ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ( SPECIFIC LEARNING DISABILITY SUPPORT CENTRE –SLDSC ) പ്രോജക്ട് കമ്മിറ്റി അംഗങ്ങളുടേയും കുട്ടികളുടെ രക്ഷാകർത്താക്കളുടേയും ഫാക്കൽറ്റിമാരുടേയും ( അധ്യാപകരുടേയും ) യോഗം സമർപ്പിക്കുന്ന നിവേദനം(താഴെ കൊടുത്തിട്ടുണ്ട് ) ചർച്ച ചെയ്‌ത് അംഗീകരിച്ചു ഒപ്പു ശേഖരണം നടത്തി.
സെന്ററിൽ പ്രവേശനം നേടിയ കുട്ടികളെ ആഴ്ചയിൽ ഒരുപ്രവൃ ത്തി ദിവസമെങ്കിലും IEP ക്‌ളാസ്സുകൾക്കായി രക്ഷിതാവിൻറെ കൂടെ അയക്കാൻ വേണ്ട അനുവാദത്തിനായി ബന്ധപ്പെട്ട സ്‌കൂൾ അധികൃതരോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു .
സെന്ററിൽ നിന്നും നൽകുന്ന ക്‌ളാസ്സുകൾ പ്രയോജനകരമാണെന്നു രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .കുട്ടികൾ വീട്ടിൽ നിന്നും പാഠ്യഭാഗങ്ങൾ ചെയ്യുന്നതിനായി രക്ഷിതാക്കൾ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു .ഓരോ കുട്ടിക്കും പ്രത്യേകം നോട്ടുബുക്ക് സൂക്ഷിക്കേണ്ടതാണ് .
പ്രവൃ ത്തി ദിവസങ്ങളിൽ കുട്ടികൾ എത്താത്ത സാഹചര്യത്തിൽ ,അവധിദിവസങ്ങളിലേക്കായി 12 ഫാക്കൽറ്റിമാരെങ്കിലും നിയമിക്കപ്പെടുകയും , ഒരേ സമയം 12 കാബിനുകൾ പ്രവർത്തിക്കുകയും ചെയ്താലേ നിലവിലുള്ള 55 കുട്ടികൾക്ക് വിവിധവിഷയങ്ങളിൽ ഫലപ്രദമായ വിധത്തിൽ IEP ക്‌ളാസ്സുകൾ നൽകാൻ കഴിയുകയുള്ളൂ എന്ന വസ്തുത പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി .അംഗനവാടി കെട്ടിടം ഒഴിയുന്ന മുറയ്ക്ക് ആ സ്ഥലം കൂടി ക്‌ളാസ്സുകൾ എടുക്കാൻ ഉപയോഗിക്കാവുന്നതാണ് എന്ന് സൂചിപ്പിക്കപ്പെട്ടു .വാർഷിക ഫണ്ട് ഒരു ലക്ഷമെങ്കിലും അധികം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട് എന്നും പ്രസിഡന്റ് സൂചിപ്പിച്ചു .
*********************************************************************
(1) കേരളാ സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ് , അക്കാദമിക് മാസ്റ്റർ പ്ളാനിന്റെ ഭാഗമായി , സ്കൂളുകളിൽ കേൾവി പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി ലഘൂകരിച്ച പാഠപുസ്തകവും പാഠ്യപദ്ധതിയും നടപ്പിൽ വരുത്തിയതായി അറിയുന്നു. ആർ.പി.ഡബ്ല്യു.ഡി ആക്ട് 2016 പ്രകാരം , കേൾവി പരിമിതിയുള്ള വിദ്യാർത്ഥികളെ പോലെ തന്നെ, ആനുകൂല്യങ്ങൾക്ക് അർഹരാണ് പ്രത്യേക പഠന പരിമിതിയുള്ള വിദ്യാർത്ഥികളും. അവരും വായനയിലും എഴുത്തിലും കണക്കുകൂട്ടുന്നതിലും സ്ഥിരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.
പ്രത്യേകപഠനവൈകല്യം (SPECIFIC LEARNING DISABILITY ) ലക്ഷണങ്ങൾ അദൃശ്യം ആയതിനാൽ ക്‌ളാസ് മുറികളിൽ മിക്കവാറും അവഗണിക്കപ്പെട്ടു പോകുന്നു .അസ്സെസ്സ്മെന്റ് നടത്തിയാലേ അത് തിരിച്ചറിയാൻ കഴിയുകയുള്ളു .ഒരു ക്‌ളാസിൽ 40 കുട്ടികൾ ഉണ്ടെങ്കിൽ അതിൽ 4/ 5 പേർക്ക് എന്ന തോതിൽ പ്രത്യേക പഠന വൈകല്യം ഉണ്ടാകാം എന്നാണ് കണക്ക് .ഈ വിദ്യാർത്ഥികൾക്ക് വേണ്ട അധിക പരിശീലനങ്ങൾ പ്രൈമറി ക്‌ളാസ്സുകൾ തൊട്ടു തന്നെ ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിൽ തുടർച്ചയായി നൽകേണ്ടതുണ്ട് .കൂടാതെ പാഠപുസ്തകത്തിന്റെ ഉള്ളടക്കം കുറക്കേണ്ടതും പരീക്ഷക്ക് ഉചിതമായ അനുകൂലനങ്ങൾ ലഭ്യമാക്കേണ്ടതായുമുണ്ട് .
ആയതിനാൽ , പ്രത്യേക പഠന പരിമിതി ( SPECIFIC LEARNING DISABILITY )യുള്ള വിദ്യാർത്ഥികൾക്കും ലഘൂകരിച്ച പാഠപുസ്തകവും പാഠ്യപദ്ധതിയും തയ്യാറാക്കി നടപ്പിൽ വരുത്തണമെന്ന് യോഗം കേരള സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
(2) കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ, അക്കാദമിക് മാസ്റ്റർ പ്ളാനിന്റെ ഭാഗമായി ,മെൻറർമാരെ നിയമിക്കാനായി തീരുമാനമെടുത്തതായി അറിയുന്നു.അവർ പഠന പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്ക് അക്കാദമിക പിന്തുണ നൽകാൻ കഴിയുന്നവരായിരിക്കണം എന്നും വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്നുണ്ട് .മെൻറർമാരായി നിയമിക്കപ്പെടുന്ന വ്യക്തികൾക്ക് സ്‌പെസിഫിക് ലേർണിംഗ് ഡിസബിലിറ്റി മാനേജ്മെന്റ് -ൽ (SPECIFIC LEARNING DISABILITY MANAGEMENT) പ്രത്യേക പരിശീലനം ലഭിച്ചിരിക്കണം എന്ന് ഉറപ്പാക്കുകയാണെങ്കിൽ പ്രത്യേക പഠന പരിമിതി അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നേരത്തെയുള്ള ഇടപെടലും നിരന്തര പിന്തുണയും നൽകാനും , ഓരോ സ്കൂളിലും പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രങ്ങൾ തുടങ്ങാനും എളുപ്പമായിരിക്കും .
ആയതിനാൽ, മെൻറർമാരായി നിയമിക്കപ്പെടുന്ന വ്യക്തികൾക്ക് കൗൺസലിങ് യോഗ്യതകൾ കൂടാതെ സ്‌പെസിഫിക് ലേർണിംഗ് ഡിസബിലിറ്റി മാനേജ്മെന്റ്(SPECIFIC LEARNING DISABILITY MANAGEMENT) - ലും പ്രത്യേക പരിശീലനം ലഭിച്ചിരിക്കണം എന്നുറപ്പാക്കണമെന്ന് ചെറുപുഴ ഗ്രാമപഞ്ചായത്തു പ്രത്യേക പഠന പരിമിതി പിന്തുണാ പ്രോജക്റ്റിന്റെ വിജയകരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു .
കേരളാ സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ നിന്നും ലേണിംഗ് ഡിസബിലിറ്റി അസ്സെസ്സ്മെന്റിലും മാനേജ്മെന്റിലും കൗൺസലിങ്ങിലും പരിശീലനം കിട്ടിയ വിദഗ്‌ധർ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഇപ്പോൾ ലഭ്യമാണ്. സ്‌കൂളുകളിൽ മെൻറ്റർമാരായി ഇവരുടെ സേവനം ഉപയോഗപ്പെടുത്താൻ കഴിയും .
(3) ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രത്തിന്റെ മാതൃകയിൽ കേരളത്തിലെ ഓരോ സ്കൂളിലും പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രങ്ങൾ തുടങ്ങാൻ വിദ്യാഭാസ വകുപ്പ് മുൻകൈ എടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു .
No comments:
Post a Comment