ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Monday, October 5, 2026

NAVADARSHAN FAMILY COUNSELLING CENTRE ൽ SPECIFIC LEARNING DISABILITY MANAGEMENT workshop


തളിപ്പറമ്പ   NAVADARSHAN  FAMILY COUNSELLING CENTRE ൽ SPECIFIC LEARNING DISABILITY MANAGEMENT പരിചയപ്പെടുത്തി കൊണ്ടുള്ള ദ്വിദിന ശില്പശാല  26/9/2025 , 27/9/2025 തീയതികളിൽ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു .

MMLD,KERALAM( MISSION FOR MANAGEMENT OF LEARNING DISABILITY,KERALA) ഗ്രൂപ്പിന്റെ പ്രതിനിധികളായി 

സി കെ രാധാകൃഷ്ണൻ മാസ്റ്റർ , ഗ്രീഷ്മ ജോസ് ( ഫാക്കൽറ്റി കോഡിനേറ്റർ , SPECIFIC LEARNING DISABILTY SUPPORT CENTRE , CHERUPUZHA GRAMAPANCHAYATH)

എന്നിവർ ക്‌ളാസ്സുകൾ നയിച്ചു . DIPLOMA IN INTEGRATED COUNSELLING വിദ്യാർത്ഥികളായ    ഇരുപതോളം കൗൺസലർമാർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു .


അധ്യാപകരും രക്ഷിതാക്കളും നിർബന്ധമായും വായിച്ചിരിക്കേണ്ടത്


"ഞാൻ അൻസലിന്റെ പെൻസിലാണ്..."


ഞാൻ ഒരു സാധാരണ പെൻസിലാണ്. പക്ഷേ ഞാൻ ഒരു അസാധാരണ കുട്ടിയുടെ കൂട്ടുകാരനാണ്. എന്റെ പേര് ഞാൻ തന്നെ മറന്നിരിക്കുന്നു. കാരണം എല്ലാവരും എന്നെ "അൻസലിന്റെ പെൻസിൽ" എന്നാണ് വിളിക്കുന്നത്.


എല്ലാ ദിവസവും ഞാൻ അവന്റെ ചെറിയ വിരലുകൾക്കിടയിൽ ഇരിക്കും. ക്ലാസിൽ ടീച്ചർ ബോർഡിൽ എഴുതുന്നത് അവൻ പകർത്താൻ ശ്രമിക്കുമ്പോൾ, അവന്റെ കൈകളിലെ വിറയലും മനസ്സിലെ ഭയവും ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്.

ചിലപ്പോഴൊക്കെ ഒരക്ഷരം എഴുതി തീരുമ്പോഴേക്കും പല ആവർത്തി അവന്റെ കുഞ്ഞി കൈയ്യിലെ നേർത്ത വിരലുകൾ എന്നെ ശക്തിയായി ഒതുക്കാറുണ്ട്.


നിങ്ങൾ അവനെ കാണുമ്പോൾ ചിലപ്പോൾ ചിന്തിച്ചേക്കാം:


"ഇത്ര എളുപ്പമുള്ള വാക്ക് പോലും ഇവന് എഴുതാൻ പറ്റില്ലേ?"


"എന്തിനാണ് ഇത്ര സമയം എടുക്കുന്നത്?"


പക്ഷേ, ഞാൻ പറയാം...


നിങ്ങൾക്ക് എളുപ്പം തോന്നുന്ന ആ ഒരു വാക്ക് എഴുതാൻ അവൻ ചിലപ്പോൾ ഒരു യുദ്ധം തന്നെയാണ് നടത്തുന്നത്.


അക്ഷരങ്ങൾ അവന്റെ കണ്ണുകൾക്ക് മുന്നിൽ ചിലപ്പോൾ സ്ഥാനം മാറും. ഒരു വരി വായിക്കുമ്പോൾ മറ്റൊരു വരി കയറിവരും. മനസ്സിൽ ശരിയായ ഉത്തരമുണ്ടെങ്കിലും അത് കടലാസിലേക്ക് എത്തിക്കാൻ അവൻ കഷ്ടപ്പെടും.


അവൻ മടിയനല്ല.


അവൻ ശ്രമിക്കാതിരിക്കുന്നു മില്ല.


സത്യത്തിൽ, ക്ലാസിലെ പല കുട്ടികളേക്കാളും കൂടുതൽ പരിശ്രമിക്കുന്നത് അവനാണ്.


പക്ഷേ അവന്റെ ശ്രമം പലപ്പോഴും ആരും കാണുന്നില്ല.


ഞാൻ പലവട്ടം അവന്റെ കണ്ണുനീർ എന്റെ ശരീരത്തിൽ വീഴുന്നത് അനുഭവിച്ചിട്ടുണ്ട്.


പരീക്ഷാപേപ്പർ കിട്ടിയ ശേഷം എല്ലാവരും പുറത്തേക്ക് ഓടുമ്പോൾ, തന്റെ തെറ്റുകൾ മാത്രം നോക്കി നിശബ്ദനായി ഇരിക്കുന്ന അൻസലിന്റെ ഹൃദയമിടിപ്പ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.


ചിലർ അവനെ പരിഹസിക്കുമ്പോൾ, അവൻ വേദനകളുള്ളിലൊതുക്കി ചിരിക്കാൻ ശ്രമിക്കും.


പക്ഷേ ആ ചിരിയുടെ പിന്നിൽ ഒരു ചോദ്യം ഒളിഞ്ഞിരിക്കും:


"എന്നെ ആരെങ്കിലും മനസ്സിലാക്കുമോ?"


ഒരു ദിവസം ഒരു ടീച്ചർ അവന്റെ അരികിൽ വന്നു ഇരുന്നു.


അവൾ അവന്റെ തെറ്റുകൾ എണ്ണിയില്ല.


അവൾ അവന്റെ ശ്രമങ്ങൾ കണ്ടു.


അവൾ അവന്റെ മാർക്ക് മാത്രം നോക്കിയില്ല.


അവന്റെ മനസ്സ് വായിച്ചു.


ആ ദിവസം ആദ്യമായി ഞാൻ അൻസലിന്റെ കൈകളിൽ ഒരു ആത്മവിശ്വാസത്തിന്റെ ചൂട് അനുഭവിച്ചു.


അവൻ പഠനവൈകല്യമുള്ള കുട്ടിയാണ്.


അവന് പഠിക്കാൻ കഴിയാത്തതല്ല.


അവൻ പഠിക്കുന്നത് വേറൊരു വഴിയിലൂടെയാണ്.


ഞാൻ ഒരു പെൻസിലാണ്.


ഞാൻ എല്ലാ ദിവസവും അവനോടൊപ്പം ജീവിക്കുന്നു.


അതുകൊണ്ട് എനിക്ക് ഒരു അപേക്ഷയുണ്ട്.


അവൻ ഒരു വാക്ക് തെറ്റിച്ചാൽ, അവനെ "മടിയൻ" എന്ന് വിളിക്കരുത്.


അവൻ സമയം എടുത്താൽ, അവനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്.


അവൻ പിന്നിലാണെന്ന് തോന്നിയാൽ, അവനെ തള്ളിക്കളയരുത്.


പകരം അവന്റെ അരികിൽ നിൽക്കൂ.


ഒരു പുഞ്ചിരി നൽകൂ.


ഒരു പ്രോത്സാഹനം നൽകൂ.


ഒരു അവസരം നൽകൂ.


കാരണം നിങ്ങൾ കാണുന്നത് അവന്റെ തെറ്റുകളായിരിക്കാം...


പക്ഷേ ഞാൻ ഓരോ ദിവസവും കാണുന്നത് തോൽക്കാതിരിക്കാൻ പോരാടുന്ന ഒരു ധീരഹൃദയത്തെയാണ്.


സ്നേഹവും മനസ്സിലാക്കലും ലഭിക്കുമ്പോൾ പഠനവൈകല്യമുള്ള കുട്ടികൾ അത്ഭുതങ്ങൾ സൃഷ്ടിക്കും.


അവർക്കാവശ്യം കരുണയല്ല... അവസരമാണ്. സഹതാപമല്ല... സഹയാത്രികരാണ്. ❤️✏️📖



പഠന വൈകല്യമുള്ള അനേകം കുട്ടികൾക്ക് പ്രത്യേക പരിശീലനവും കൗൺസിലിംഗും നൽകുകയും ആയിരത്തിലധികം അധ്യാപകർക്ക് പഠന വൈകല്യ മാനേജ്മെന്റിൽ പരിശീലനം നൽകുകയും ചെയ്ത അനുഭവത്തിൽ നിന്നും എഴുതിയതാണ് മുകളിലെ പെൻസിൽ പറഞ്ഞ കഥ. ഇഷ്ടമായാൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഷെയർ ചെയ്യാൻ മടിക്കരുത്. ഒരു പക്ഷേ, നാം ഒരിക്കലും കാണാൻ ഇടയില്ലാത്ത ഏതെങ്കിലും ഒരു കുരുന്നിന് തണലാവാൻ അതിലൂടെ നമുക്ക് സാധിക്കുമെങ്കിലോ?


ഡോ: സിറാജ് പി. ഹുസൈൻ

9895100413







No comments:

Post a Comment