ANNOUNCEMENT

പ്രത്യേക പഠന പരിമിതി പിന്തുണാ കേന്ദ്രം ഒന്നാം ഘട്ട ക്ലാസുകൾ എടുക്കാൻ എത്തിച്ചേർന്ന എല്ലാ ഫാക്കൽറ്റിമാർക്കും ( രമ ,പദ്‌മജ ,വൈഷ്ണ , ആശാലത ,ഷീബ , ഡോ. അഞ്ജു,പ്രസീത ,നിത്യ ,ദിവ്യ ദാമോദരൻ, ബിജിമ , ഷിൽന , പവിത്രൻ, ദേവദാസ്,രാജേന്ദ്രൻ ) അഭിവാദ്യങ്ങൾ.

Tuesday, April 13, 2021

'' ബുദ്ധിമാന്ദ്യം '' സംഭവിച്ച ആൾ

 മാജിക് പ്ലാനറ്റ് --Augustus Morris

 ``( 1 ) പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ദേശാടനം ഏതെന്നറിയുമോ ? അതിനുത്തരം  NEURONAL MIGRATIONS അഥവാ നാഡീകോശങ്ങളുടെ സഞ്ചാരം എന്നതാണ് . ഗർഭത്തിന്റെ ആദ്യകാലങ്ങളിൽ , കൃത്യമായി പറഞ്ഞാൽ  മൂന്നാമത്തെ ആഴ്ചയുടെ തുടക്കത്തിൽ , ഭ്രൂണത്തിന്റെ മുതുക് വശത്ത് NEURAL GROOVE എന്ന പേരിൽ ഒരു കുഴി  രൂപപ്പെടുന്നു . പിന്നീട് ചുറ്റിനും  തടിപ്പുണ്ടായി അതൊരു നാളിയാകും  . നാലാഴ്ച ആകുമ്പോൾ പ്രസ്തുത നാളിയുടെ  തല -വാൽ  ഭാഗങ്ങളിലെ ദ്വാരങ്ങൾ അടയുന്നു .  പിന്നീട്  തലഭാഗത്തു നിന്നും മുകളിലേക്കും വശങ്ങളിലേക്കും മുകുളങ്ങൾ  വളരുന്നു .ഇതാണ് പിന്നീട്  മസ്തിഷ്ക്കമായി മാറുന്നത് . ന്യൂറൽ ട്യൂബിന്റെ  ഉള്ളിലെ '' മുളവിളയുംപാളി  '' ( GERMINAL LAYER ) യിൽ നിന്നും മിനിറ്റിൽ  2,50,000 നാഡീകോശങ്ങൾ  ഉണ്ടാകുന്നു . അവ glial cells എന്നറിയപ്പെടുന്ന സഹായക  കോശങ്ങൾ  ഇട്ടുകൊടുക്കുന്ന റെയിൽ പാതയിലൂടെ ( GLIAL MONORAIL PATHWAY )  തങ്ങൾക്ക്  പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ ചെന്നെത്തി ചേക്കേറുന്നത് മനോഹരമായ   കാഴ്ചയാണ് . ചിന്തയുടെയും കാഴ്ചയുടെയും കേൾവിയുടെയും മനോവികാരങ്ങളുടെയും മറ്റും ചുമതലകൾ വഹിക്കേണ്ട വ്യത്യസ്തങ്ങളായ നാഡീകോശങ്ങൾ  ( NEURONS ) , യഥാസ്ഥാനത്ത് ചെന്നുചേരുന്ന അതിമനോഹരമായ ദൃശ്യം . പലപ്പോഴും പല നാഡീകോശങ്ങളുടെയും യാത്ര ഇടയ്ക്ക് വച്ച്   അവസാനിക്കുന്നു ,  നാഡീ രോഗങ്ങൾ ഉണ്ടാകുന്നു . 

( 2 ) ജീവിതത്തിൽ ലഭിയ്ക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്നത്  വൈകല്യങ്ങളില്ലാത്ത ഒരു ശരീരത്തിന് ഉടമയാകുക എന്നതാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട് . മനുഷ്യൻ അഥവാ മനനം ചെയ്യാൻ കഴിവുള്ളവൻ എന്ന ജീവിയുടെ തലച്ചോറിലെ വൈകല്യങ്ങൾ ഒരുപാട് പരിമിതികൾ സൃഷ്ടിക്കുന്നു . ഓട്ടിസം , സെറിബ്രൽ പാൾസി , പഠനവൈകല്യങ്ങൾ തുടങ്ങി ഒരുപാട് അവസ്ഥകളെപ്പറ്റി നാം കേട്ടിട്ടുണ്ട് . എന്നാൽ അത്തരം അവസ്ഥകളുള്ള കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും സമൂഹം വേണ്ടവിധത്തിൽ പരിഗണിക്കാറുണ്ടോ ? സംശയമാണ് .

( 3 ) മജീഷ്യൻ ഗോപിനാഥ് മുതുകാട് , മാജിക് ഷോകൾ അവസാനിപ്പിച്ചിട്ട് അഞ്ചു വർഷമായി . അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞ സംഭവം ഇപ്രകാരമാണ് ... '' ഭിന്നശേഷിക്കാരായ കുട്ടികൾ & അവരുടെ മാതാപിതാക്കൾ പങ്കെടുക്കുന്ന ഒരു ചടങ്ങ് . എല്ലാവർക്കും ആവശ്യമായ ഭക്ഷണം , ബിരിയാണി ഉൾപ്പെടെ , അവിടെയുണ്ട് . ഒരു കുട്ടി വിശന്നു കരയുന്നു .അതിന്റെ അമ്മയോട്  എന്തേ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നില്ല എന്ന് ചോദിച്ചപ്പോ അവർ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു .  ജനിച്ച കാലം മുതൽ ഞാൻ വായിലിട്ട് ചവച്ച് അരച്ച ഭക്ഷണമേ അവൻ കഴിക്കാറുള്ളൂ . ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ച് അപ്രകാരം ചെയ്‌താൽ  മറ്റുള്ളവർ എന്തുവിചാരിക്കും എന്ന് കരുതിയാണ് ഭക്ഷണം കൊടുക്കാതിരിക്കുന്നത് ''...... ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് എന്തുചെയ്യാൻ കഴിയും എന്ന അന്വേഷണമാണ് ഒടുവിൽ മാജിക് പ്ലാനറ്റ് എന്ന സംരംഭത്തിൽ എത്തിച്ചേർന്നത് . 

( 4 ) കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ സ്ഥിതിചെയ്യുന്ന മാജിക് പ്ലാനറ്റ് ,  ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന ഒരു പരിശീലനകേന്ദ്രം കൂടിയാണ് . അവരിൽ ഗായകരുണ്ട് , ചിത്രം വരയ്ക്കുന്നവരുണ്ട് , മാജിക് കാണിക്കന്നവരുണ്ട് ....എന്റെ കുട്ടി അമ്മേ എന്ന് എന്നെ വിളിക്കുന്നത് കേട്ടിട്ട് മരിച്ചാൽ മതി എന്ന് പറഞ്ഞ മാതൃഹൃദയം ഇപ്പോൾ സന്തോഷത്താൽ തുള്ളിച്ചാടുകയാണ് . ആ മകൻ ഇരുന്നൂറോളം പാട്ടുകൾ ഹൃദിസ്ഥമാക്കി , നമ്മുടെ മുന്നിൽ ഗാനങ്ങൾ ആലപിക്കുന്ന മിടുക്കനായി മാറി . അങ്ങേയറ്റത്തെ ശ്രദ്ധയും കയ്യടക്കവും വേണ്ട മാജിക് പഠിച്ചെടുത്ത കുട്ടികളുണ്ടവിടെ .അവരുടെ പ്രകടങ്ങൾ നമ്മെ അമ്പരപ്പിക്കും . അവർ കോറിയിട്ട ചിത്രങ്ങൾ നമ്മെ അത്ഭുത  പരതന്ത്രരാക്കും . അവിടെ ലഭിക്കുന്ന വരുമാനം മുഴുവൻ ആ കുട്ടികൾക്ക് ലഭ്യമാകുന്ന തരത്തിൽ ഒരു ട്രസ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നു . ആദ്യം ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ , പിന്നീട്  ശ്രീ .ഓ .എൻ .വി . കുറുപ്പ് , ഇപ്പോൾ ശ്രീ അടൂർ ഗോപാലകൃഷ്ണൻ  എന്നിവർ ആ ട്രസ്റ്റിന്റെ  രക്ഷാധികാരിയായി തുടർന്നുപോരുന്നു...  



( 5 ) തന്റെ മുപ്പത് സെന്റ് സ്ഥലവും , ജീവിതവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഉഴിഞ്ഞ് വച്ച മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിനെ , അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നു , ശ്‌ളാഘിക്കുന്നു . തന്മയീഭാവം അഥവാ EMPATHY , മറ്റൊരാളുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ അത് തന്റേത് കൂടിയാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവ് , ഉള്ളവർക്ക് മാത്രമേ ഇത്തരം സംരംഭങ്ങളിൽ ഏർപ്പെടാൻ കഴിയൂ . തന്റെ നീണ്ട 45 വർഷത്തെ പ്രൊഫഷൻ ഉപേക്ഷിച്ച് , ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച മുതുകാട് അവർകൾക്ക് ഒരിയ്ക്കൽ കൂടി നന്ദി പറയുന്നു . ഒരിയ്ക്കലെങ്കിലും മാജിക് പ്ലാനറ്റ് സന്ദർശിക്കുക , ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ജീവിതത്തിന് ഒരു കൈത്താങ്ങാകുക , അവരെ പ്രോത്സാഹിപ്പിക്കുക .

NB -- പലപ്പോഴും നമ്മളുപയോഗിക്കുന്ന ഒരു പദമാണ് മന്ദബുദ്ധി . അത് അങ്ങേയറ്റം ആക്ഷേപാർഹമായ , നിന്ദ്യവും ക്രൂരവുമായ ഒരു പദമാണ് . മറിച്ച്  '' ബുദ്ധിമാന്ദ്യം '' സംഭവിച്ച ആൾ എന്ന് പറഞ്ഞുനോക്കൂ .അതിൽ കരുണയുടേതായ , കരുതലിന്റേതായ ഒരംശമുണ്ട് . അത്തരം പദങ്ങളുപയോഗിക്കുമ്പോഴേ നാം പരിഷ്കൃതർ എന്ന വിളിപ്പേരിന് അർഹരാകുകയുള്ളൂ .

........................................

-Augustus Morris(from WHATSAPP-CKR)

Importance of 'Person First' Language( ഭാഷ അനുതാപപൂർണമാകുന്ന വിധത്തിൽ) എന്ന ലേഖനം കൂടി വായിക്കുക .

ഭിന്നശേഷിയുള്ളവർക്ക് കലാപഠനം ഗുണകരം .എന്ന പോസ്റ്റും കാണുക 





No comments:

Post a Comment